മഞ്ചേശ്വരം: നാലു ദിവസം മുമ്പ് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. പുലര്‍ച്ചെ വാഹനത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിച്ച് ഇറക്കിവിടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇപ്പോള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി കേരള പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മഞ്ചേശ്വരം കോളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരിക്കൊപ്പം സ്കൂട്ടറില്‍ പോകുന്ന വഴിയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവം നടന്ന് അല്പസമയത്തിനു ശേഷം ഹാരിസിനെ വിട്ടുകിട്ടാന്‍ മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശം വാട്ട്സാപ്പിലൂടെ വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.
കാലങ്ങളായി കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ഹാരിസിന്റെ മാതൃസഹോദരന്‍ ഇത്തരം ഇടപാടുകളില്‍ പങ്കാളിയാണെന്നാണ് പോലീസ് നല്കുന്ന സൂചന.
റിയാദില്‍ നടന്ന സ്വര്‍ണ ഇടപാടില്‍ മറ്റൊരു സംഘത്തിന് കാര്യമായ നഷ്ടം സംഭവിച്ചതാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് കളമൊരുക്കിയത്. സംഭവിച്ച നഷ്ടം നികത്തുന്നതിനായി റിയാസിനെ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു. ആദ്യം മൂന്നുകോടി രൂപ ആവശ്യപ്പെട്ടത് അധോലോക സംഘങ്ങള്‍ക്കിടയില്‍ ഗള്‍ഫിലും നാട്ടിലുമായി നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടുകോടിയായും പിന്നീട് ഒന്നേകാല്‍ കോടിയായും കുറച്ചുകൊടുത്തതായാണ് വിവരം.
മൂന്നു പകലും രണ്ടു രാത്രിയും ചര്‍ച്ചകള്‍ നീണ്ടുപോയപ്പോള്‍ ഈ സമയം മുഴുവനും വിദ്യാര്‍ത്ഥിയെ ഒന്നും ചെയ്യാനാവാതെ അധോലോക താവളത്തില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്കുന്ന നടപടിയും അന്വേഷണവുമൊക്കെ അതിന്റെ വഴിക്കു നീങ്ങിയെങ്കിലും അധോലോകത്തിന്റെ വഴികളെന്തൊക്കെയെന്ന് നേരിട്ട് കണ്ടറിയാവുന്ന വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അതുകൊണ്ടൊന്നും ഒന്നും സംഭവിക്കില്ലെന്ന ധാരണ നേരത്തേയുണ്ടായിരുന്നു.
മാതൃസഹോദരനൊഴികെ ഹാരിസിന്റെ വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് ഇത്തരം സാമ്പത്തിക ഇടപാടുകളുമായി കാര്യമായ ബന്ധമില്ലെന്നാണ് നാട്ടുകാര്‍ നല്കുന്ന സൂചന. ഹാരിസിന്റെ പിതാവ് ഗള്‍ഫില്‍ ഡ്രൈവറാണ്. മറ്റു ബന്ധുക്കളും കൃഷിചെയ്തും കൂലിപ്പണിയെടുത്തും മറ്റും കഴിയുന്നവരാണ്. വിലപേശലിന് അരങ്ങൊരുക്കാന്‍ മറ്റു വഴികളൊന്നും കിട്ടാതിരുന്നതാണ് നിരപരാധിയായ വിദ്യാര്‍ത്ഥിയെ ലക്ഷ്യമിടാന്‍ കാരണമായത്. പറഞ്ഞുറപ്പിച്ച തുക മൂന്നുമാസത്തിനകം നല്‍കാമെന്നാണ് ധാരണയായത്. അതുവരെ കുടുംബവീടിന്റെ ആധാരം ഈടായി നല്കി.
ഇതിനുശേഷം വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ അധോലോകസംഘം സമ്മതിച്ചതായി ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. അപ്പോള്‍ തുടങ്ങിയ കാത്തിരിപ്പും ആശങ്കയും അടുത്ത ദിവസം പുലര്‍ച്ചെ വരെ നീണ്ടു. രാവിലെ പരിക്കൊന്നുമില്ലാതെ കുട്ടിയ കണ്ടെത്തിയ വിവരം ലഭിച്ചതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്.
വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി കേരള പോലീസ് എഎസ്പി ഡി.ശില്പ, മഞ്ചേശ്വരം സിഐ എ.വി.ദിനേശ്, എസ്ഐ ഇ. അനൂപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഹാരിസിന്റെ മൊബൈല്‍ ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തിനടുത്ത് ഉള്ളാള്‍ മേഖലയില്‍ പ്രവര്‍ത്തനക്ഷമമായതായി സൈബര്‍ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.