മുക്കം: മലയോര മേഖലയിൽ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും മാനം തെളിഞ്ഞു നിന്നതോടെ ഇരുവഴിഞ്ഞിപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് താഴ്ന്നു.
ഇരുവഴിഞ്ഞിപ്പുഴയോരത്ത് ആശങ്കയോടെ കഴിഞ്ഞ നൂറ് കണക്കിന് കുടുംബങ്ങൾക്കിത് ആശ്വാസമായി. ശക്തമായ മഴയിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരം ഇടിയുന്നത് പതിവാണ്. കഴിഞ്ഞ പ്രളയത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ് പുഴയെടുത്തത്ത്. പ്രളയക്കെടുതിയിൽ നിന്ന് പതുക്കെ കരകയറും മുന്പാണ് വീണ്ടും പേമാരി എത്തിയത്.
ശക്തമായ മഴയിൽ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ കൽപ്പടവുകൾ പൂർണമായും മുങ്ങിപ്പോയ നിലയിലാണ്. മുക്കം വെന്റ് പൈപ്പ് പാലവും കാരശ്ശേരി വല്ലത്തായ്പ്പാറ വെന്റ് പൈപ്പ് പാലവും മുങ്ങിയിരുന്നു. മഴയിൽ പ്ലാസ്റ്റിക് കുപ്പികളടക്കം വലിയ തോതിലുള്ള മാലിന്യമാണ് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്.
പുഴയിലൂടെ ഒഴുകിയെത്തിയ വലിയ മരം മുക്കം വെന്റ് പൈപ്പ് പാലത്തിൽ കുടുങ്ങിയതോടെ പാലത്തിൽ വീണ്ടും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. ഇതോടെ പാലം പൊളിച്ചു നീക്കണമെന്ന ആവശ്യം വീണ്ടുമുയർന്നു.
തുടർച്ചയായി പെയ്ത മഴയിൽ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ട പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. എവിടെയും കാര്യമായ കൃഷിനാശമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേ സമയം ശക്തമായ മഴയിൽ റോഡുകൾ തോടുകളായതോടെ, ഓവുചാൽ നന്നാക്കാൻ നടപടി സ്വീകരിക്കാത്ത തദ്ദേശസ്ഥാപനങ്ങൾക്കെതിരെയും പൊതുമരാമത്ത് വകുപ്പിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴയിൽ മലയോര മേഖലയിൽ 25 ഓളം സ്ഥലങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. രാത്രി സമയങ്ങളിലാണ് മിക്കയിടത്തും ഉരുൾപ്പൊട്ടലുണ്ടായത്. 4 ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ഭീതിയിൽ കഴിയുമ്പോഴാണ് ചൊവ്വാഴ്ച മാനം തെളിഞ്ഞത്.