കണ്ണൂർ: കത്തിക്കുത്തേറ്റ വിദ്യാർഥിനിയെ അക്രമിയിൽനിന്നു രക്ഷിച്ച മലയാളി നഴ്സിന് ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം. കണ്ണൂർ പയ്യാവൂർ കുളക്കാട്ട് സ്വദേശിനിയും മംഗലാപുരം ദേർളക്കട്ടെ ജസ്റ്റീസ് കെ .എസ്. ഹെഗ്ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ നിമ്മി സ്റ്റീഫനാണു കർണാടക സംസ്ഥാനതല പുരസ്കാരത്തിന് അർഹയായത്. ശനിയാഴ്ച ബംഗളുരുവിൽ പുരസ്കാരം സമ്മാനിക്കും.
ജൂണ്‍ 28നായിരുന്നു സംഭവം. കാർക്കള നിട്ടെ കോളജ് എംബിഎ വിദ്യാർഥിനിയായ ബാഗംബില സ്വദേശിനി ദീക്ഷയെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കോളജിൽനിന്നു ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുകയായിരുന്ന ദീക്ഷയെ സ്കൂട്ടറിലെത്തിയ യുവാവ് കുത്തിവീഴ്ത്തുകയായിരുന്നു. വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലാണു യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാൾ സ്വന്തം കഴുത്തിലും മുറിവേൽപ്പിച്ചു.
അടുക്കാൻ ശ്രമിക്കുന്ന ഓരോരുത്തരേയും യുവാവ് കത്തി വീശി അകറ്റിനിർത്തി. ഈ സമയമാണ് നിമ്മി ഇവിടെ എത്തുന്നത്. സ്വയം മുറിവേൽപ്പിച്ച് പെണ്‍കുട്ടിയുടെ മേൽ കിടക്കാൻ ശ്രമിക്കുന്പോൾ നിമ്മി ഇയാളെ പിടിച്ചുമാറ്റാനെത്തിയത്. നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചുമാറ്റിക്കഴിഞ്ഞപ്പോഴേക്കും ഒപ്പം കൂടിനിന്ന നാട്ടുകാരും സഹായത്തിനെത്തി.
നാട്ടുകാരുടെ സഹായത്തോടെ ഒരു നിമിഷം പോലും കളയാതെ പെണ്‍കുട്ടിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ആശുപത്രി അധികൃതർ അടിയന്തര സംവിധാനങ്ങളൊക്കെ തയാറാക്കി വച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. കാഴ്ചക്കാരായവരിൽ ആരോ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കണ്ണൂർ ജില്ലയിൽ പയ്യാവൂർ ഉപ്പുപടന്നയിലെ കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും ഇളയ മകളായ നിമ്മി നിറ്റെ സർവകലാശാലയിൽനിന്നു തന്നെയാണ് ബിഎസ്സി നഴ്സിംഗ് പാസായത്. സഹോദരൻമാരായ നിതിൻ ഓഡിയോളജിസ്റ്റായും മിതിൻ എൻജിനിയറായും വിദേശത്ത് ജോലിചെയ്യുകയാണ്.