വെള്ളറട: അമ്പൂരി തട്ടാംമുക്കില്‍ യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള സൈനികൻ അഖിലിന്റെ സഹോദരൻ രാഹുലിനെത്തേടി പോലീസ് തമിഴ്നാട്ടിലേക്ക്. നെയ്യാറ്റിന്‍കര ഡി വൈ എസ് പി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
ഡി വൈ എസ് പി അനില്‍കുമാർ, വെള്ളറട എസ് ഐ ബിജു, പൂവ്വാര്‍ സി ഐ രാജീവ് , പോഴിയൂര് പുവ്വാര്‍ എസ് ഐ മാരുടെ നേതൃത്വത്തിലാണ് കേസ്സ് അന്വേഷണം പുരോഗമിക്കുന്നത്. അഖിലിനെ ഡൽഹിയിൽ സൈനിക കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് സൂചന.
പോലീസ് കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ തെരയുന്നത്. രാഹുല്‍ എസ് നായരുടെ മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം തിരുനെല്‍വേലിയിലേക്ക് തിരിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം 21 മുതല്‍ കാണാതായ തിരുപുറം പുത്തന്‍കട സ്വദേശിയായ രാഖി(30)യെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമമാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുള്‍ അഴിച്ചത്. ഈമാസം ആറിനാണ് മകളെ ക്കാണാനില്ലന്ന പിതാവിന്റെ പരാതി പൂവാര്‍ സ്റ്റേഷനില്‍ ലഭിക്കുന്നത്.
കാമുകനായ അഖിലിനെ കാണാന്‍ പോവുകയാണെന്ന് രാഖി പറഞ്ഞുവത്രേ. 21ന് അഖിൽ പണികഴിപ്പിച്ച വീടുകാണുന്നതിന് ബസില്‍ നെയ്യാറ്റിന്കരയിലെത്തിയ രാഖിയെ അഖിൽ കാറില്‍ കൂട്ടിപ്പോയതായി പറയപ്പെടുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം അഖിൽ രാഖിയെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും കരുതപ്പെടുന്നു.
പോലീസിന് ലഭിച്ച പ്രാഥമീക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഖിലിന്റെ വീടും സുഹൃത്തുക്കളേയും ബന്ധുക്കളേയും ദിവസങ്ങളോളം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുവും സുഹൃത്തുമായ ആദര്‍ശിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ ചുരുളഴിഞ്ഞുതുടങ്ങിയത്.പ്രധാന പ്രതി അഖിൽ ഡല്‍ഹിയിലെ സൈനിക ക്യാമ്പില്‍ ഉണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്കുകൊണ്ടു വരാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു തുടങ്ങി.