ചാവക്കാട്: നാലര വയസുകാരന് എച്ച്ഐവി പോസിറ്റീവെന്നു രേഖപ്പെടുത്തി സ്വകാര്യ മെഡിക്കൽ ലാബ് നൽകിയ റിപ്പോർട്ട് തെറ്റെന്നു തെളിഞ്ഞു. ലാബിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞദിവസമാണ് ത്വക്ക് രോഗത്തെതുടർന്ന് നാലര വയസുള്ള മകനുമായി കൊടുങ്ങല്ലൂർ കരുപ്പടന്ന സ്വദേശി തെരുവിൽ സലീം ചാവക്കാട് കോഴിക്കുളങ്ങരയിലെ ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്.
ക്ലിനിക്കിനു സമീപത്തെ മഹാലക്ഷ്മി ലാബിൽ കുട്ടിയുടെ ആർബിഎസ്, എച്ച്ഐവി എന്നിവ പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചു. പെട്ടെന്നു ഫലം കിട്ടുമെന്നു പറഞ്ഞാണ് ഡോക്ടർ ഈ ലാബിലേക്കു തങ്ങളെ പറഞ്ഞയച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.
എച്ച്ഐവി രോഗബാധയുടെ നേരിയ സൂചനകളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ലാബ് നൽകിയത്. ലാബ് റിപ്പോർട്ട് കണ്ട ഡോക്ടറും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളോടു വെളിപ്പെടുത്തി. തുടർന്ന് ഡോക്ടറുടെ നിർദേശത്തെതുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷനിലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ട ും പരിശോധന നടത്തി. രണ്ട ിടത്തും എച്ച്ഐവി നെഗറ്റീവ് എന്നാണ് റിപ്പോർട്ട് ചെയ്തത്.
ചാവക്കാട്ടെ ലാബിൽനിന്നു നൽകിയ റിപ്പോർട്ട് മറ്റു ലാബുകളിൽ കാണിച്ചപ്പോൾ അവർ കുട്ടിയുടെ രക്ഷിതാക്കളുടെയും സഹോദരന്റെയും രക്തസസാന്പിളുകളും പരിശോധിച്ചിരുന്നു. എല്ലാം നെഗറ്റീവ് ആയിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ മഹാലക്ഷ്മി ലാബിലെത്തി ലാബ് ഉടമയോടു വിവരം പറഞ്ഞു. എന്നാൽ ലാബ് ഉടമ കുട്ടി എച്ച്ഐവി പോസിറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബിൽ നടത്തിയ പരിശോധനാഫലത്തിൽ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
തെറ്റായ റിപ്പോർട്ടു മൂലം തങ്ങൾ മാനസികമായി തകർന്നെന്നും മരിക്കേണ്ട അവസ്ഥയാണന്നും പറഞ്ഞപ്പോൾ, ലാബിന്റെ ഉടമയായ ഡോക്ടർ നിങ്ങൾ ആത്മഹത്യ ചെയ്താൽ എനിക്കൊന്നുമില്ലെന്നു കുട്ടിയുടെ പിതാവിനോടും ബന്ധുക്കളോടും പറഞ്ഞതായും പരാതിയുണ്ട്. കുടുംബത്തെ കടുത്ത മനോവിഷമത്തിലാക്കി തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്കു പരാതി നൽകിയതായി കുട്ടിയുടെ പിതാവ് സലീം പറഞ്ഞു.
ചാവക്കാട് പോലീസിൽ നൽകിയ പരാതി നല്കിയെങ്കിലും തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ കേസെടുക്കാതെ ഒത്തുതീർപ്പിനുള്ള ശ്രമമാണ് ആദ്യം പോലീസ് നടത്തിയതെന്നു സലീം പറഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
ലാബിനു ലൈസൻസ് ഇല്ലെന്നു നഗരസഭാ ചെയർമാൻ പറഞ്ഞു. ലാബ് പൂട്ടാൻ നഗരസഭ നോട്ടീസ് നൽകിയതായും അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ചെയർമാൻ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡിഎംഒ എന്നിവർക്കു പരാതി നൽകി.