അലനല്ലൂർ: വിനോദസഞ്ചാരികളെ മാടിവിളിച്ച് ഉപ്പുകുളം മലയോരമേഖല വ്യത്യസ്തമായ ദൃശ്യവിസ്മയം ഒരുക്കുന്നു. എടത്തനാട്ടുകര ഉപ്പുകുളം വനമേഖലയാണ് സഞ്ചാരികളെ കൈമാടി വിളിക്കുകയാണ്. വിനോദസഞ്ചാരത്തിനായി പുതിയ നിർദേശങ്ങൾ തേടിപോകുന്നവർക്ക് വ്യത്യസ്തമായ നവ്യാനുഭവം പകർന്നുനല്കുകയാണ് ഇവിടെ.മനംകവരുന്ന കാഴ്ച്ചകളൊരുക്കി വികസനം കാത്തിരിക്കുകയാണ് ഉപ്പുകുളം മലയോരമേഖല.
പാലക്കാട്-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കടന്നുപോകുന്ന മലയോരവും തൊട്ടടുത്ത് കിടക്കുന്ന വെള്ളച്ചാട്ടപ്പാറയും കോർത്തിണക്കി വികസനപദ്ധതികൾ നടപ്പാക്കിയാൽ വിനോദസഞ്ചാര മേഖലയാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുവഴി കടന്നുപോകുന്ന നിർദിഷ്ട മലയോര ഹൈവേ കൂടി യാഥാർഥ്യമായാൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലമായി മാറും.
കോടമഞ്ഞ് മൂടികിടക്കുന്ന മലനിരകൾ, ഓലപ്പാറ, വട്ടമല ഭാഗങ്ങളിൽ നിത്യകാഴ്ച്ചയോടെ വൈകുന്നേരങ്ങളിൽ ഇവിടെ ഒട്ടേറേ പേരാണ് എത്തുന്നത്. ഒട്ടേറെ സന്ദർശകരെത്തുന്ന കരുവാരക്കുണ്ടിലെ ചെറുന്പ് ഇക്കോ പാർക്കും ഇതിന് സമീപത്താണ്. ഉപ്പുകുളം മലയോരഭാഗം കാണുവാനായി നിരവധി ഭാഗങ്ങളിൽ നിന്നാണ് വിനോദസഞ്ചാരികൾ എത്തുന്നത്. കണ്ണെത്താത്ത ദൂരത്തോളം വനമേഖലയും അത് അനുസരിച്ച് കോടമഞ്ഞും ശക്തമായ തണുപ്പുമാണ് മേഖലയുടെ പ്രത്യേകത.
മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ. മണ്ണാർക്കാട് ഭാഗങ്ങളിൽനിന്നും നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശങ്ങളാണിവ. ജില്ലാ അതിർത്തി പങ്കിടുന്ന പ്രദേശമാണെങ്കിലും അധികൃതർ സ്ഥലത്തെക്കുറിച്ച് അറിഞ്ഞ മട്ടില്ല.
ഇതുമൂലം നഷ്ടമാകുന്നത് ഈ മേഖലയുടെ വികസനമാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ, ടൂറിസംവകുപ്പ് തുടങ്ങിയവർ സ്ഥലം ഏറ്റെടുക്കുകയും ടൂറിസം വികസനത്തിനായി നടപടി ആരംഭിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.