മണ്ണാർക്കാട്: പെരിന്പടാരി-പോത്തോഴിക്കാവ് റോഡിലുള്ള ഉമ്മർക്കാന്റെ ചായക്കടയിൽ രാവിലെ ഏഴിന് ഒരു കസ്റ്റമറെത്തും. ഒരാഴ്ചയോളമായി പരിസരത്ത് തന്പടിച്ചിരിക്കുന്ന വാനരവീരനാണ് ഈ കസ്റ്റമർ. ഉമ്മർക്ക നല്കുന്ന നല്ല സ്ട്രോംഗ് ചായയും ഒരു പഴവും നാട്ടുകാർക്കൊപ്പം ഇരുന്നു കഴിക്കും.
ഇതിനിടയിൽ സെൽഫി അടക്കമുള്ള ഫോട്ടോസെഷനും നിന്നുകൊടുക്കും. ഇതുവരെ യാതൊരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നു മാത്രമല്ല ആളുകളോട് ഇണങ്ങിയ മട്ടിലുമാണ് പെരുമാറ്റം. എല്ലാവർക്കും സ്വീകാര്യമായ പെരുമാറ്റമായതിനാൽ ഭക്ഷണം ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്.
മനുഷ്യർ കഴിക്കുന്നതുപോലെ നേന്ത്രപ്പഴവും മറ്റും തൊലി കളഞ്ഞു കഴിക്കുന്നത് കാണേണ്ട കാഴ്ച. പകൽസമയത്ത് ചുറ്റുവട്ടത്തായി ചുറ്റി നടക്കും. കുറച്ചുകാലമായി കാഞ്ഞിരം, ഒന്നാം മൈൽ ഭാഗങ്ങളിൽ കണ്ടിരുന്ന വാനരനാണിതെന്നാണ് നാട്ടുകാർ പറയുന്നത്.എന്തായാലും ചായക്കടയിലെത്തുന്ന വാനരവീരൻ കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമാണ്.