മുക്കം: മുക്കം അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. മുൻസിപ്പൽ അധികൃതർ വൺവേയടക്കമുള്ള ട്രാഫിക് പരിഷ്ക്കരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
തിരക്കനുഭവപ്പെടുന്ന മുക്കം അങ്ങാടിയിലേത് വീതി കുറഞ്ഞ റോഡുകളാണ്.ഈ റോഡുകളുടെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നതോടെയാണ് ഗതാഗതകുരുക്ക് മുറുകുന്നത്. ഓർഫനേജ് – മുക്കം കടവ് റോഡിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായി ഉണ്ടാവുന്നത്. ഈ റോഡിന് ഒരു ബസിന് കടന്നു പോകാനുള്ള വീതിയേയുള്ളു. ഓർഫനേജ് പള്ളിയുടെ മുൻപിലാണ് വീതി ഏറ്റവും കുറവ്. ഇവിടെ റോഡിന്റെ വശങ്ങളിൽ കാറുകളും ഇരുചക്രവാഹനങ്ങളും നിർത്തിയിടുന്നത് സ്ഥിരമാണ്.
കുരുക്ക് അഴിക്കാൻ കഴിയാതെ വാഹനനിര നീളുമ്പോൾ മാർക്കറ്റിലെ ഓട്ടോ ത്തൊഴിലാളികളും കച്ചവടക്കാരും മറ്റും രംഗത്തിറങ്ങി ഏറെ പണിപ്പെട്ടാണ് പലപ്പോഴും തടസം നീക്കുന്നത്. ഓർഫനേജ് കവാടം മുതൽ എസ്.കെ.പാർക്ക് വരെ റോഡ് വൺവെ ആണ്. പക്ഷെ പല സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും വൺവേക്ക് പുല്ലുവിലയാണ് കല്പിക്കുന്നത്.
മുന്നറിയിപ്പ് ബോർഡുകളൊന്നും ഇവർക്ക് ബാധകമല്ല. അങ്ങാടിയുടെ മധ്യത്തിലെ റോഡിലും ഇരുവശങ്ങളിലും തോന്നിയപോലെ വാഹനങ്ങൾ നിർത്തിയിടുന്നു. മൂന്നു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്ന പാർക്ക് ജംഗ്ഷനിൽ ബസുകളടക്കം കുരുക്കിലാവുന്നു.ഇതിനിടെ ഓർഫനേജ് റോഡിലൂടെ വൺവേ ലംഘിച്ച് വരുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ കാൽനടക്കാർക്ക് അപകട ഭീഷണിയും സൃഷ്ടിക്കുന്നു. അഭിലാഷ് ജംഗ്ഷനിലും പി.സി. ജംഗ്ഷനിലും വൺവേ ലംഘിച്ച് വാഹനങ്ങൾ ഓടുന്നത് അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്.
അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന വർഷങ്ങൾ നീണ്ട പരാതികൾക്കൊടുവിലാണ് മുൻസിപ്പൽ അധികൃതർ പരിഷ്ക്കരണങ്ങൾ ഏർപ്പെടുത്തിയത്. വൺവേ സംവിധാനം എർപ്പെടുത്തി. പി.സി.ജംഗ്ഷഷനിൽ ഡിഗ്നൽ ലൈറ്റ് സ്ഥാപിച്ചു. ഹോം ഗാർഡിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പോലീസുണ്ടായാൽ മാത്രം അനുസരിക്കും. ഇല്ലെങ്കിൽ തോന്നിയതിലെ പോകും തോന്നിയിടത്ത് നിർത്തും. ഗതാഗതക്കുരുക്കും അപകടങ്ങളും സൃഷ്ടിച്ചു കൊണ്ടും ഇരിക്കുന്നു.