കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ ചോർച്ച അടയ്ക്കാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് മേയർ ഇ.പി. ലത വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നേതാക്കളെ അറിയിച്ചു. പൊട്ടിയ ഷീറ്റുകൾ മാറ്റാനുള്ള നടപടികളാണ് ആരംഭിക്കുന്നത്.
താത്കാലികമായി ചോർച്ച അടച്ച ശേഷം ഷീറ്റുകൾക്കു പകരം സ്ഥിരമായ ഒരു സംവിധാനം അവിടെ നടപ്പിലാക്കുമെന്നും മേയർ വ്യാപാരി നേതാക്കളോട് പറഞ്ഞു. ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ ചോർച്ച കൗൺസിലർ അമൃതാ രാമകൃഷ്ണനും മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ വ്യാപാരികളുടെ ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.കോംപ്ലക്സിലെ വൈദ്യുതി മീറ്റർ ബോക്സിലേക്കും മെയിൻ സ്വിച്ചുകളിലേക്കും വെള്ളമിറങ്ങുന്നത് അപകടകരമായ അവസ്ഥയാണെന്നും വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കാത്തിരിക്കുന്നത് വൻ ദുരന്തം ആയിരിക്കുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു. തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നേതാക്കൾ മേയറെ കണ്ട് നിവേദനം നല്കുകയായിരുന്നു.