തൊടുപുഴ: നാടിനെ നടുക്കിയ കന്പകക്കാനം കൂട്ടക്കൊലക്കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തി ഒരു കൂഴിയിൽ മൂടിയ കിരാത കൃത്യം നടന്നിട്ട് തിങ്കളാഴ്ച ഒരു വർഷം പൂർത്തിയാകുകയാണ്. നാളെ തൊടുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ ജൂലൈ 29നായിരുന്നു നാടിനെ ഞെട്ടിച്ച അരുംകൊലകൾ നടന്നത്.
വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ അടിച്ചും കുത്തിയും കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചുമൂടുകയായിരുന്നു. രണ്ട ് ദിവസത്തിന് ശേഷം 2018 ഓഗസ്റ്റ് ഒന്നിനാണ് സംഭവം പുറംലോകം അറിയുന്നത്.
വീട്ടിലെ ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വീട്ടിൽ ചോരപ്പാടുകളും വീടിനു സമീപം മണ്ണിളകിക്കിടക്കുന്നതും കണ്ടു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മണ്ണ് നീക്കി പരിശോധന നടത്തിയപ്പോഴാണ് ഒന്നിനു മീതെ ഒന്നായി അടുക്കിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ പരിശോധനകളും സാഹചര്യതെളിവുകളും ഉപയോഗിച്ചാണ് കോളിളക്കം സൃഷ്ടിച്ച കേസ് അന്വേഷണ സംഘം തെളിയിച്ചത്. കൊലപാതകത്തിൽ നാലു പ്രതികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, ഇയാളുടെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു എന്നിവരാണ് പ്രധാന പ്രതികൾ.
കൊലപാതകത്തിനും മൃതദേഹങ്ങൾ മറവുചെയ്യുന്നതിനുമായി കൈയുറ വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മോഷ്ടിച്ച സ്വർണം പണയം വയ്ക്കാൻ സഹായിച്ച മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരും കേസിൽ പ്രതികളാണ്. കൃഷ്ണന്റെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അനീഷും ലിബീഷ് ബാബുവും കൊലപാതകം നടത്തിയെന്നാണ് കേസ്.
ആദ്യഘട്ടത്തിൽ മന്ത്രവാദത്തിന്റെ ഭാഗമായുള്ള കൂട്ടക്കൊലയെന്ന രീതിയിലാണ് പോലീസ് കേസ് അന്വേഷിച്ചതെങ്കിലും പിന്നീട് ഇതു തള്ളിക്കളയുകയായിരുന്നു. സംഭവത്തിനു പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന സംശയവും ഉണ്ടായിരുന്നെങ്കിലും ഇതിനുള്ള തെളിവുകളും കണ്ടെത്താനായില്ല. അനീഷിന്റെ സുഹൃത്തും അടിമാലി സ്വദേശിയുമായ മന്ത്രവാദിയെ ആദ്യഘട്ടത്തിൽ പ്രതി ചേർക്കാൻ പോലീസ് ഉദ്ദേശിച്ചിരുന്നെങ്കിലും ഇയാൾക്ക് കൊലയിൽ പങ്കുള്ളതായി തെളിവില്ലാത്തതിനാൽ ഇയാളെ ഒഴിവാക്കി സാക്ഷിയാക്കി.
കേസിലെ പ്രതികളെല്ലാം തന്നെ ഇപ്പോൾ ജാമ്യത്തിലാണ്. കൊല്ലപ്പെട്ട നാലുപേരുടേയും ഡിഎൻഎ പരിശോധനാഫലം കിട്ടാൻ വൈകിയതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയത്. എങ്കിലും കൂട്ടക്കൊല നടത്തിയ പ്രതികൾക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായി അന്വേഷണ സംഘം പബ്ലിക് പ്രോസിക്യൂട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസായിരുന്നു അന്വേഷണ സംഘത്തലവൻ. മികച്ച അന്വേഷണത്തിലൂടെ കേസ് തെളിയിച്ച അന്വേഷണ സംഘത്തെ ഡിജിപി ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു.