മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ട്രെയിൻ കുടുങ്ങി. മുംബൈ- കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസാണ് പാളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് ബഡ്ലപൂരിനും വാൻഗണിക്കുമിടയിൽ കുടുങ്ങിയത്. ട്രെയിനിൽ രണ്ടായിരം യാത്രക്കാരുണ്ടെന്ന് റെയിൽവേ അറിയിച്ചു. വ്യോമസേനയുടെ സഹായത്തോടെ മാത്രമേ ഇവരെ രക്ഷപ്പെടുത്താൻ സാധിക്കുവെന്ന് ദുരന്ത നിവാരണസേന അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനം വൈകുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തെ വെള്ളത്തിനടിയിലാക്കി. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിനടിയിൽ ആയതോടെ വ്യാപക ഗതാഗതക്കുരുക്കാണ് മുംബൈയിലാകമാനം.
കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള എട്ട് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.17 വിമാനങ്ങൾ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ചുരുങ്ങിയത് 30 മിനിറ്റ് വൈകും. മഴയുടെ തീവ്രത ശനിയാഴ്ച വൈകിട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു.
അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെസ്റ്റേണ് എക്സ്പ്രസ് ഹൈവേയിലുള്ള ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണ നിലയ്ക്ക് തന്നെ വലിയ ഗതാഗതക്കുരുക്കുണ്ടാകുന്ന ഈ പാതയിൽ കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവുമാണ് കൂടുതൽ ദുഷ്കരമാക്കുന്നത്.
നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങൾ, വൈസ്റ്റേണ് എക്സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായിരിക്കുന്നത്.