ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണം പൂർത്തിയായില്ല. കഴിഞ്ഞ മേയ് അവസാനത്തോടെ പൂർത്തിയാക്കുമെന്നു പറഞ്ഞ് ഉദ്ഘാടനം നടത്തിയതാണ്. എന്നാൽ ഇതുവരെ പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.ആധുനിക സൗകര്യങ്ങൾ ഉൾപ്പടെ നാല് ട്രാക്കുകളുമായിട്ടാണ് അതിരന്പുഴ – നീണ്ടൂർ റോഡുകളുടെ ഇടയിൽ പുതിയ സ്റ്റേഷൻ മാറ്റി സ്ഥാപിച്ചത്.
എന്നാൽ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ റയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞ വർഷം നടത്തിയിരുന്നു. ട്രെയിനുകൾ നിർത്താറുണ്ടങ്കിലും ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെയും പാർക്കിംഗ് ഗ്രൗണ്ടിന്റെയും നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല.കുറുപ്പന്തറ മുതൽ ഏറ്റൂമാനൂർ വരെയുള്ള ഇരട്ടപ്പാതയുടെ നിർമാണം പൂർത്തിയാക്കിയതോടെ ക്രോസിംഗ് പൂർണമായും ഇല്ലാതായി. ഇപ്പോൾ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമാണമാണ് നടന്നു കൊണ്ടിരിക്കുന്നത്.
150 ഇരുചക്ര വാഹനങ്ങൾക്കും 40 കാറുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 540 മീറ്റർ നീളത്തിൽ 16,000 ചതുരശ്ര അടിയിലാണ് പ്ലാറ്റ്ഫോമുകളുടെ മേൽക്കൂരയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.മൂന്ന് പ്ലാറ്റ്ഫോമുകളിലായി 55 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുടിവെള്ള സൗകര്യത്തിനായി 20 ടാപ്പുകളും ഒരുക്കിയിട്ടുണ്ട്.പുതിയതായി രണ്ട് ടിക്കറ്റ് കൗണ്ടറുകൾ നിർമിച്ചിടുണ്ട്. അതിൽ ഒന്ന് വികലാംഗർക്കു വേണ്ടി ഉള്ളതാണ്.