കോഴിക്കോട്: നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടി. ഒരാള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊടുംകുറ്റവാളി ഉള്‍പ്പെടെ രണ്ടുപേരെ ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി വാവാട് മൊട്ടമ്മല്‍ അബ്ദുറഹ്മാന്റെ മകന് സിറാജുദ്ദീന് (26), അരക്കിണര്‍ ചാക്കീരി പറമ്പില്‍ റസാഖിന്റെ മകന് അബ്ദുള്‍ റാഷിദ് (21) എന്നിവരാണ് പിടിയിലായത്. ഈങ്ങാപ്പുഴ സ്വദേശി അഫ്നാസ് ഒളിവിലാണ്.
ഇന്നലെ രാത്രി പത്തരയോടെ ആനിഹാള്‍ റോഡിലെ ജയലക്ഷ്മിയ്ക്ക് സമീപത്ത് വച്ചാണ് ലഹരിമരുന്ന് വില്പനക്കാരായ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ യാസിന് എന്ന യുവാവിനെ കോഴിക്കോട് ഗവ.ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറാജുദ്ദീന് കഞ്ചാവ് വില്ക്കുന്നതിനിനെ കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്‍.
ഇതുവഴി വരികയായിരുന്നു യാസിനെ മൂവരും ചേര്‍ന്ന് തടഞ്ഞുവച്ച് വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ യാസിനൊപ്പമുള്ളവര് ഇടപെടുകയും യാസിന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബിയര്‍കുപ്പി പൊട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. സിറാജുദ്ദീന് കുപ്പിയുമായി ഓടിയടുക്കുന്നതിനിടെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്.
ഇരുസംഘങ്ങളും തമ്മിലുള്ള സംഘര്‍ഷം അതുവഴി വരികയായിരുന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും അവർ അക്രമികളിൽ രണ്ടുപേരെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ബ്ലോക്ക് കമ്മിറ്റി കഴിഞ്ഞ് വരികയായിരുന്നു ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ. ഇവർ ടൗണ്‍പോലീസില്‍ വിവരമറിയിച്ചതിനെതുടർന്ന് ടൗണ്‍ പോലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിറാജുദ്ദീന് സ്ഥിരം കൊടുംക്രിമിനലാണെന്ന് പോലീസ് പറഞ്ഞു. ടൗണ്പോലീസിലും കസബ സ്റ്റേഷനിലും ഉള്‍പ്പെടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ വധശ്രമത്തിനുള്‍പ്പെടെ കേസുകള്‍ നിലവിലുണ്ട്. കഴുത്തിന് കുത്തിപരിക്കേൽപ്പിച്ച കേസും ഇതിൽപെടും.