കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ എട്ടാം വാർഡിലുൾപ്പെട്ട ചെറുക്കാട് തുരുത്തമലയിലെ കുരങ്ങുശല്യം നിമിത്തം കർഷകർ പൊറുതിമുട്ടുന്നു. ഈ മേഖലയിലെ ഒട്ടേറെ കർഷകരാണ് ഇതുമൂലം ദുരിതത്തിലായത്.
കാർഷിക വിളകളുടെ വിലത്തകർച്ചയോടൊപ്പം കുരങ്ങുകൾ കാർഷിക വിളകൾ പാടെ നശിപ്പിക്കുകയും ചെയ്യുന്നതോടെ കർഷരുടെ ജീവിതം വഴിമുട്ടിയനിലയിലായി. തെങ്ങുകളിൽ ഇളനീർ പാകമാകുമ്പോൾ തന്നെ കുരങ്ങുകൾ കായകൾ പറിച്ച് നശിപ്പിക്കുകയാണ്. ഇതോടെ തെങ്ങുകളിൽനിന്നുള്ള വരുമാനം ഈ മേഖലയിൽ പാടെനിലച്ചു.
കൂടാതെ മുള്ളൻന്നി, കാട്ടുപന്നി എന്നിവയുടെ ശല്യവും വ്യാപകമാണ്. ഇടവിളകൃഷികളായ കപ്പ, ചേമ്പ്, ചേന, കമുക്, വാഴ തുടങ്ങിയവും നശിപ്പിക്കുന്നതിനാൽ പലരും കാർഷിക മേഖലയിൽനിന്നും പിൻതിരിയുകയാണ്.പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള ഈ പ്രദേശത്തെ കർഷകർ വനംവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
കർഷകരായ പ്ലാത്തോട്ടം സണ്ണി, പ്ലാത്തോട്ടം രാജു, മുട്ടത്ത് അഗസ്റ്റിൻ, കോളിക്കടവിൽ ബാലൻ, കൊച്ചുമാരി ബാബ, മുട്ടത്ത് റോസമ്മ, കൊച്ചുമാരി കരീം, പുത്തൻപുരയിൽ മേരി, പ്ലാത്തോട്ടം ജോസഫ്, ചിന്നമ്മ അയ്യമല, പ്ലാത്തോട്ടം സെബാസ്റ്റ്യൻ, അനിൽകുമാർ പാലയ്ക്കൽ, കൊച്ചുമാരി അസീസ് തുടങ്ങിയ നിരവധി കർഷകരാണ് കുരങ്ങുശല്യത്തിൽ ദുരിതത്തിലായത്.