കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ സസ്പന്റ് ചെയ്തേക്കും. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന് ബ്യൂറോ കോഴിക്കോട് യൂണിറ്റ് ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാറിലേക്കും കൈമാറും.
ഇതിനു ശേഷമാണ് നടപടി സ്വീകരിക്കുക. അതേസമയം ജെഎച്ച്ഐയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്നലെയാണ് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മരുതോങ്കര പാറയുള്ള പറമ്പത്ത് എസ്കെ.സിനിലിനെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന് ബ്യൂറോ കോഴിക്കോട് യൂണിറ്റ് പിടികൂടിയത്. കോഴിക്കോട് തങ്ങള്‍സ് റോഡ് ഹെല്‍ത്ത്സെന്ററില്‍ വച്ചാണ് ജെഎച്ച്ഐ കൈക്കൂലി വാങ്ങിയത്.
സൗത്ത് ബീച്ചില്‍ ആരംഭിക്കാന്‍ പോവുന്ന സ്ഥാപനത്തിന് ഡി ആൻഡ് ഒ (ലൈസന്‍സ് ടു ഡെയ്ഞ്ചറസ് ആന്റ് ഒഫന്‍സീവ് ട്രേഡ് ആൻഡ് ഫാക്ടറീസ്) ലൈസന്‍സ് ലഭിക്കുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പക്ടറെ സമീപിച്ചപ്പോഴാണ് പരാതിക്കാരനോട് 3000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി ഷാജി വര്‍ഗീസിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരന് ഇന്ന് രാവിലെ തങ്ങള്‍സ് റോഡിലെ ഓഫീസിലെത്തി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്ക് പണം നല്കി. ഈ പണം കീശിയിലിടുന്നതിനിടെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരേ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പക്ടര്‍മാരായ സജീവ്കുമാര്‍ , സുബാഷ്ബാബു, എസ്ഐ വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമണ് പ്രതിയെ പിടികൂടിയത്.