തൃശൂർ: റോഡ് നന്നാക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് നാട്ടിക എംഎൽഎ ഗീതാ ഗോപി ചേർപ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൃപ്പയാർ-ചേർപ്പ് റോഡ് പൊതുമരാമത്ത് വകുപ്പ് യാത്രായോഗ്യമാക്കുമെന്ന് ഉറപ്പ് തരാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിപിഐയിലെ എംഎൽഎയുടെ നിലപാട്.
ചേർപ്പ്-തൃപ്പയാർ റോഡ് ശോചനീയാവസ്ഥയിൽ ആയിട്ട് കാലങ്ങളായി. എന്നാൽ റോഡ് നന്നാക്കുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധചെലുത്തിയില്ല. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൾ വീണ് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ എംഎൽഎയുടെ വാഹനം തടഞ്ഞ സംഭവം നടന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ എംഎൽഎ തീരുമാനിച്ചത്.