സ്വന്തം ലേഖകൻ
തൃശൂർ: പൈപ്പു സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ കോർപറേഷൻ. കാൽനട യാത്രക്കാർക്കു നടന്നുപോകാൻപോലും കഴിയാത്ത വിധത്തിലാണ് മണ്ണും അവശിഷ്ടങ്ങളും തിരക്കേറിയ റോഡിൽ നിറച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരി മാസത്തോടെ ആരംഭിച്ചതാണു റോഡ് പൊളിക്കൽ. ഹൈറോഡ്, മിഷൻ ക്വാർട്ടേഴ്സ്, ബസിലിക്ക പരിസരം, അരിയങ്ങാടി, പള്ളിക്കുളം റോഡ് തുടങ്ങിയ മേഖലകളിലെല്ലാം റോഡ് പൊളിച്ച് പൈപ്പുലൈൻ സ്ഥാപിച്ചു.
റോഡ് പൊളിച്ചതുമൂലം റോഡിലെ മണ്ണും പൊടിയുമെല്ലാം പീടികമുറികളിലേക്കും വീടുകളിലേക്കും അടിച്ചുകയറി മാസങ്ങളോളം ദുരിതമായിരുന്നു. ഹൈറോഡ് അടക്കമുള്ള നഗരത്തിലെ പൊളിച്ച റോഡുകൾക്ക് ഇരുവശത്തുമുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളിലേയും സാധനങ്ങൾ നശിച്ചു. സ്ഥാപനങ്ങളിലേക്ക് ഇടപാടുകാർക്കു കയറിവരാനാകാത്ത അവസ്ഥയായിരുന്നു. മാസങ്ങളോളം ഈ ദുരവസ്ഥ തുടർന്നു. തൃശൂർ പൂരത്തോടെ റോഡ് ടാർ ചെയ്തു വൃത്തിയാക്കുമെന്നായിരുന്നു കോർപറേഷൻ അധികാരികളുടെ വാഗ്ദാനം.
എന്നാൽ ഇതുവരേയും റോഡ് നന്നാക്കുന്നതിന് ഒരു നടപടിയും ഉണ്ടായില്ല. റോഡിനു നടുവിലൂടെ ആഴത്തിൽ കുഴിയെടുത്തു പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ അധികമായി വന്ന മണ്ണും ടാറിംഗിന്റേയും സ്ലാബുകളുടേയും അവശിഷ്ടങ്ങളും റോഡിൽതന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. തിരക്കേറിയ ഹൈറോഡ്, അരിയങ്ങാടി, പള്ളിക്കുളം റോഡ് എന്നിവ ഉൾപ്പെടെ എല്ലാ റോഡുകളിലും മണ്ണും അവശിഷ്ടങ്ങളും നിറച്ചിരിക്കുന്നു. ഇതുമൂലം റോഡുകളുടെ പകുതിഭാഗവും ഉപയോഗശൂന്യമാണ്.
ഉഴുതുമറിച്ചിട്ട വയലിലൂടെയോ ഓഫ്റോഡിലൂടേയോ വാഹനമോടിക്കുന്നതുപോലെയാണ് ഈ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്. മണ്‍കൂനകളും കല്ലുകളും പഴയ സ്ലാബുകളും നിരത്തിയിട്ട റോഡിലൂടെ കാൽനടക്കാർക്കുപോലും നടക്കാൻ പ്രയാസമാണ്. തൃശൂർ ബസിലിക്കയ്ക്ക് അരികിലുള്ള വെള്ളേപ്പം അങ്ങാടിയിൽ റോഡ് ടാർ ചെയ്ത് രണ്ടാഴ്ചയ്ക്കകം വെട്ടിപ്പൊളിച്ചു. ടാർ ചെയ്യുന്നതും വെട്ടിപ്പൊളിക്കുന്നതുമെല്ലാം ഈ മേഖലയുടെ ചുമതലയുള്ള എൻജിനിയർ അടക്കമുള്ള കോർപറേഷൻ അധികാരികൾക്ക് നേരത്തേ അറിവുള്ള കാര്യമാണ്. ബസിലിക്കയുടെ ചുറ്റും റോഡ് വെട്ടിപ്പൊളിച്ച് നടക്കാൻപോലും പ്രയാസമാക്കി മാറ്റി.
റോഡ് വെട്ടിപ്പൊളിച്ച് ആറു മാസത്തോളമായിട്ടും വൃത്തിയാക്കാനോ ടാറിടാനോ ഒരു നടപടിയുമില്ല. പ്രതിപക്ഷ കൗണ്‍സിലർമാർ ഈ വിഷയം പലതവണ കോർപറേഷൻ കൗണ്‍സിലിൽ ഉന്നയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരു പറഞ്ഞാണ് കോർപറേഷൻ കുറേക്കാലം ഒന്നും ചെയ്യാതിരുന്നത്. മഴ മാറിയാൽ പണി നടത്താമെന്നാണ് കോർപറേഷന്റെ ഇപ്പോഴത്തെ വാദം. എന്നാൽ, ടാറിടുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുപോലുമില്ല.