പയ്യന്നൂര്‍: അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന സാമ്പത്തിക തിരിമറികളെപ്പറ്റി ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നതെന്ന് പയ്യന്നൂര്‍ സിഐ ധനഞ്ജയ ബാബു പറഞ്ഞു. കലക്ഷന്‍ ഏജന്റിനെയും സൊസൈറ്റി സെക്രട്ടറിയുടേയും പരാതികളില്‍ ഒന്നിച്ചാണ് കേസെടുത്തതെന്നും അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റിയിലെ സാമ്പത്തിക തിരിമറികളേപറ്റി ഇന്നലെ പരിശോനകള്‍ നടത്തിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.കലക്ഷന്‍ ഏജന്റ് സൊസൈറ്റി പ്രസിഡന്റിനെതിരേ നല്കിയ പരാതിയും ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ പ്രസിഡന്റിന് പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രേഖകള്‍ തിരുത്തിയത് പ്രസിഡന്റ് പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപത്തെ അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന വെട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കലക്ഷന്‍ ഏജന്റ്. സൊസൈറ്റി പ്രസിഡന്റനെതിരേ ആഴ്ചകള്‍ക്ക് മുമ്പേ സഹകരണ വകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ പോലീസിനും നല്കിയ പരാതി പരിഗണിക്കാതെ കഴിഞ്ഞ ദിവസം സൊസൈറ്റി സെക്രട്ടറി നല്കിയ പരാതി പരിഗണിച്ച് കേസെടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം.
സൊസൈറ്റിയുടെ കലക്ഷന്‍ ഏജന്റായ കണ്ടങ്കാളിയിലെ യുവതിക്കെതിരെയാണ് സൊസൈറ്റി സെക്രട്ടറിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 2018 മേയ് മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള ദിവസങ്ങളിലായി വെട്ടിപ്പ് നടത്തിയതെന്ന സെക്രട്ടറി വീണയുടെ പരാതിയിലാണ് കേസ്. സെക്രട്ടറി പ്രസവാവധിയില്‍ പോയ അവസരത്തില്‍ വളരെ തന്ത്രപൂര്‍വമാണ് കലക്ഷന്‍ ഏജന്റ് തട്ടിപ്പ് നടത്തിയതെന്നുമായിരുന്നു പരാതി.
എന്നാല്‍ സംഭവത്തെപ്പറ്റി കലക്ഷന്‍ ഏജന്റ് തെളിവുകള്‍ നിരത്തി മാധ്യമങ്ങളോട് പറയുന്നതിങ്ങനെ. ‘കഴിഞ്ഞവര്‍ഷം ഒരു ഇടപാടുകാരന് നല്‍കാനുള്ള ഒരു ലക്ഷം രൂപ യാത്രാമധ്യേ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇടപാടുകാരന് നല്‍കാനായി സൊസൈറ്റി പ്രസിഡന്റ് ഒരു ലക്ഷം രൂപ തനിക്ക് വായ്പയായി നല്‍കിയിരുന്നു.പിന്നീട് സൊസൈറ്റി പ്രസിഡന്റ് പറഞ്ഞ പ്രകാരം രേഖകളില്‍ തിരുത്തല്‍ വരുത്തിയിരുന്നു.
ഈ ഒരു ലക്ഷം തിരിച്ച് ചോദിച്ച സൊസൈറ്റി പ്രസിഡന്റ് പിന്നീടത് 3,14,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.പിന്നീട് വിളിച്ചപ്പോള്‍ അത് നാലര ലക്ഷമായി.നാണക്കേടും ഭീഷണിയും ഭയന്ന് നാലര ലക്ഷം സൊസൈറ്റിയില്‍ അടച്ചു.വീണ്ടും പണമടക്കണമെന്ന ഭീഷണിയുണ്ടായപ്പോള്‍ 1,54,718 രൂപകൂടി അടച്ചു.പിന്നീടും പണമടക്കണമെന്ന ഭീഷണി കൂടി വന്നപ്പോള്‍ സഹകരണ വകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ പോലീസിനും ഈമാസം മൂന്നിന് താന്‍ പരാതി നല്‍കിയിരുന്നു.
സ്ഥലം വില്പന നടത്താനുള്ള ഏര്‍പ്പാടാക്കിയും കുടുംബാംഗങ്ങളുടെ സ്വർണാഭരണങ്ങള്‍ പണയം വെച്ചുമാണ് ഭീഷണിയും മാനഹാനിയും ഭയന്ന് ആറ്ലക്ഷത്തി നാലായിരത്തി എഴുന്നൂറ്റി പതിനെട്ട് രൂപ സൊസൈറ്റിയില്‍ അടച്ചത്.അതിന് ശേഷം തന്നെ സസ്പെൻഡു ചെയ്യുകയും എട്ട് ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയതായി കാണിച്ച് പരാതി നല്‍കുകയുമായിരുന്നു.’
കലക്ഷന്‍ ഏജന്റിന്റെ ഗൗരവമേറിയ ഈ വെളിപ്പെടുത്തലിനെപറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സൊസൈറ്റി പ്രസിഡന്റ് പ്രതികരിക്കാന്‍ തയാറാകാതെ ഒഴിഞ്ഞുമാറി.അതേസമയം ഇന്നലെ കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തുകയും രേഖകള്‍ പരിശോധിക്കുകയുമുണ്ടായി.
പരാതിയിൽ എട്ട് ലക്ഷം; കണ്ടെത്തിയത് 5,87,000 രൂപയുടെ ക്രമക്കേട്
പയ്യന്നൂര്‍: എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പരാതിയുയര്‍ന്ന സംഘത്തില്‍ സഹകരണ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത് 5,87,000 രൂപയുടെ ക്രമക്കേട്. പയ്യന്നൂര്‍ സഹകരണ യൂണിറ്റ് ഇന്‍സ്പെക്ടറാണ് ഇക്കാര്യം പറഞ്ഞത്.
സഹകരണ വകുപ്പ് പരിശോധന നടത്തിയപ്പോഴാണ് അതുവരെ മൂടിവെച്ചിരുന്ന സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് പുറത്ത് വന്നത്. ഇതിന്റെ പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ സഹകരണ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്.പലരുടേയും പാസ്ബുക്കുകള്‍ അനധികൃതമായി ബില്‍ കലക്ടര്‍ സൊസൈറ്റിയില്‍ ഏല്‍പ്പിക്കാതെ കൈകാര്യം ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പയ്യന്നൂര്‍ പോലീസ് കേസെടുത്ത വാര്‍ത്തകള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ഇടപാടുകാര്‍ പാസ്ബുക്കുകളുമായി എത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് സൊസൈറ്റിയില്‍ കൂടുതല്‍ വിശദമായ പരിശോധന നടത്തും. പയ്യന്നൂര്‍ യൂണിറ്റിന്റെ കീഴില്‍ ബാങ്കുളുള്പ്പെടെ 66-ഓളം സഹകരണ സംഘങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.