കടുവയെ നിര്‍ദ്ദയം തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് നിഷ്ഠൂര സംഭവം അരങ്ങേറിയത്. കല്ലും കമ്പുകളും ഉപയോഗിച്ചാണ് ജനക്കൂട്ടം കടുവയെ ക്രൂരമായി തല്ലിക്കൊന്നത്.സംരക്ഷിത മേഖലയിലാണ് കടുവയെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ആറ് വയസോളം പ്രായമുള്ള പെണ്‍കടുവയാണ് ഗ്രാമവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ ഈ കടുവ ഗ്രാമവാസികളിലൊരാളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെയാണ് ജനക്കൂട്ടം കടുവയെ തേടിയിറങ്ങിയത്. കൂര്‍ത്ത അമ്പുകളും വടികളുമുപയോഗിച്ച് അടിച്ചും കുത്തിയുമാണ് ഇവര്‍ കടുവയെ ദാരുണമായി കൊലപ്പെടുത്തിയത്. പിലിഭിത്ത്. കടുവാ സംരക്ഷണ മേഖലയിലാണ് കടുവ കൊല്ലപ്പെട്ടത്. കണക്കുകളനുസരിച്ച് 2012 മുതല്‍ ഇതുവരെ ഇവിടെ 16 കടുവകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതലും വിഷം ഉള്ളില്‍ച്ചെന്നാണ് മരണമടഞ്ഞത്. കെണിയില്‍ അകപ്പെട്ടും അസുഖം ബാധിച്ചും പരസ്പരമുള്ള പോരാട്ടങ്ങളില്‍ ജീവന് നഷ്ടപ്പെട്ടവയും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഇതാദ്യമായാണ് നേരിട്ടുള്ള ജനങ്ങളുടെ ആക്രമണത്തില്‍ കടുവ കൊല്ലപ്പെടുന്നത്. സംഭവസ്ഥലത്തിന് സമീപത്തായി വനപാലക സംഘം ഉണ്ടായിരുന്നെങ്കിലും പരുക്കേറ്റ കടുവയെ വിദഗ്ദ്ധ ചികിത്സക്കായി അവിടെ നിന്നു കൊണ്ടുപോകാന്‍ രോഷാകുലരായ ജനക്കൂട്ടം അനുവദിച്ചില്ല. ഗുരുതരമായി പരിക്കേറ്റ കടുവ പിന്നീട് മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കടുവയുടെ ശരീരം മറവ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട 31 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.