പഴുവിൽ: പൊതു കാര്യ പ്രസക്തനും ജൈവകർഷകനുമായ മൂത്തേരി ലീലനാഥന്റെ ഭാര്യ ലഷ്മിയുടെ (82) മൂന്നര പവന്റെ സ്വർണവും മകൻ രാജീവിന്റെ ഹീറോ ഹോണ്ട പ്ലഷർ സ്കൂട്ടറുമായി മുങ്ങിയ ഹോംനേഴ്സ് മഹേശ്വരിയെ (42) കുറിച്ച് അന്തിക്കാട് പോലീസിന് കണ്ടെത്താനായില്ല.ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ ബുദ്ധിമുട്ടുന്ന വൃദ്ധ ദന്പതികളെ പരിചരിക്കുന്നതിനാണ് രണ്ട് മാസത്തിന് മുൻപ് തൃശൂരിലെ ഒരു ഹോംനേഴ്സിംഗ് സ്ഥാപനം പാലക്കാട് ചിറ്റൂർ സ്വദേശിയായ മഹേശ്വരിയെ ഇവിടേക്ക് ജോലിക്ക് ചേർത്തത്.വീട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇവർ മാലയുടേയും കമ്മലിലേക്ക് അഴുക്ക് കളയാനെന്ന് പറഞ്ഞാണ് ഉൗരി വാങ്ങിയത്.തുടർന്ന് മകന്റെ സ്കൂട്ടറിന്റെ താക്കോൽ കൈക്കലാക്കി പുലർച്ചെ രണ്ടോടെ കടന്നുകളയുകയായിരുന്നു.
പോലീസിൽ പരാതി നൽകാനെത്തിയപ്പോഴാണ് സമാന രീതിയിൽ കണ്ടശാംകടവിൽ ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ വണ്ടിയുമായി ഇവർ കടന്നു കളയാൻ ശ്രമിക്കുകയും വണ്ടി അപകടപ്പെടുകയും ചെയ്തതായി അറിഞ്ഞത്. കുടുംബശ്രീ തൊഴിൽ പരിശീലന കേന്ദ്രം, ഗ്രാമസഭ ഹാൾ, എസ് എൻ ഡി പി ശാഖ മന്ദിരം, മഹാത്മ ഫാർമേഴ്സ് ക്ലബ്, മരണാരന്തര സഹായസമിതി ,വൃദ്ധജന സമിതി, ഉത്സവകമ്മറ്റി ഓഫീസ് എന്നിവക്ക് സൗജന്യമായി സ്ഥലം അനുവദിച്ചയാളാണ് മൂത്തേരി ലീലാനാഥൻ.
വണ്ടിയുമായി മുങ്ങുന്ന ദൃശ്യം സിസിടിവി യിൽ പോലീസിന് ലഭിച്ചെങ്കിലും ഇവരെ ജോലിക്കയച്ച സ്ഥാപനത്തിന് കൃത്യമായ വിവരം നൽകാനാവാത്തതാണ് പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാത്തത് എന്നാണ് വിവരം