ഗാന്ധിനഗർ: ഹൃദ്രോഗികൾക്ക് സന്തോഷ വാർത്ത. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ വേഗം കാർഡിയോളജിയിൽ എത്തിക്കാൻ ബഗി കാറുകൾ എത്തി. രോഗികളെ സ്ട്രെച്ചറിൽ തള്ളി വാർഡുകളിൽ എത്തിക്കുന്പോഴുള്ള കാലതാമസം ഇനി ഒഴിവാകും. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു ബഗി കാറുകളാണ് എത്തിച്ചത്. ഒന്നിൽ സ്ട്രെച്ചറും യുവി സ്റ്റാൻഡും ഉൾപ്പെടെ ആംബുലൻസ് സൗകര്യമുള്ളതും രോഗികളുടെ സഹായികൾക്ക് ഉൾപ്പെടെ യാത്ര ചെയ്യുവാൻ കഴിയുന്നതുമാണ്.
ഡ്രൈവർ ഉൾപ്പെടെ നാലു സീറ്റുകളാണ് ഇതിലുള്ളത്. മറ്റൊന്നിൽ ആറു സീറ്റുകളുമുണ്ട്. ഇതിൽ സ്ട്രെച്ചർ സൗകര്യമില്ല.മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികളെ ഹൃദ്രോഗ വിഭാഗത്തിലെത്തിക്കുവാനാണു മുഖ്യമായും ഈ കാറുകൾ ഉപയോഗിക്കുന്നത്. ഇപ്പോൾ രോഗികളെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിതവിഭാഗത്തിൽനിന്നും ലിഫ്റ്റ് വഴി ഹൃദ്രോഗവിഭാഗത്തിലെത്തിക്കുകയാണ്.
ഇതു കൂടുതൽ സമയം വേണ്ടിവരുന്നതു കൂടാതെ രോഗികളുടെ നില മോശമാകുന്നതിനും കാരണമാകുന്നുണ്ട്. ലിഫ്റ്റ് കേടാകുകയോ മറ്റു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ രോഗിയെ യഥാസമയം കാർഡിയോളജി വിഭാഗത്തിൽ എത്തിക്കുവാൻ കഴിയാതെ ആരോഗ്യനില വഷളാകുന്ന അവസരങ്ങൾ ഉണ്ടാകുമായിരുന്നു. ബഗികാറുകൾ വന്നതോടെ ഇതിനു പരിഹാരമാകും.
അത്യാഹിത വിഭാഗത്തിൽനിന്നു റോഡുമാർഗം രോഗികളെ നേരിട്ടു ഹൃദ്രോഗവിഭാഗത്തിൽ എത്തിക്കുവാൻ ഇതോടെ വളരെ എളുപ്പമാകും.എളമരം കരീം എംപിയുടെ വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ മുടക്കിയാണ് ബഗി കാർ ലഭ്യമാക്കിയത്. കോയന്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റൂട്ട്സ് എന്ന കന്പനിയാണ് വാഹനത്തിന്റെ വിതരണക്കാർ. ആറര മണിക്കൂർ ബാറ്ററി ചാർജ് ചെയ്താൽ 60 കിലോമീറ്റർ വരെ ഓടുന്നതാണ്.
മൂന്നു മാസത്തിലൊരിക്കൽ കന്പനിയുടെ പ്രതിനിധി എത്തി കാറിന്റെ ക്ഷമത പരിശോധിക്കും. ബഗി കാർ എത്തിയത് രോഗികൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വാർഡുകളിൽ എത്തിക്കുവാൻ കൂടി കൂടുതൽ ബഗി കാറുകൾ എത്തിയാൽ രോഗികൾക്ക് ഏറെ സഹായകമാകും.