മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നതിനിടെ സൈന്യം തടഞ്ഞ് നിർത്തിയ അമ്മയുടെ കണ്ണീരിൽ നീറി ലോകം. റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറായ ജോസ് ലൂയിസ് ഗോണ്സാലാസാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
മികച്ച ജീവിതം തേടി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്വാട്ടിമാല സ്വദേശിനിയായ ലെറ്റി പെരെസിനെയും ഇവരുടെ ആറ് വയസുകാരനായ മകൻ ആന്തണി ഡയസിനെയുമാണ് സുരാക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞത്.
ഗ്വാട്ടിമാലയിൽ നിന്നും 2400 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിച്ച് അമേരിക്കൻ അതിർത്തി പട്ടണമായ സ്യൂഡാഡ് ജുവാരസിലാണ് ഇവർ എത്തിയത്. എന്നാൽ അതിർത്തി കടക്കുന്നതിനിടെ നിർഭാഗ്യവശാൽ ഇവരെ മെക്സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളെ കടത്തി വിടണമെന്ന് അപേക്ഷിക്കുവാൻ മാത്രമേ ഈ യുവതിയ്ക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. ഇതിനിടെയാണ് ഫോട്ടാഗ്രാഫർ ഈ ചിത്രം പകർത്തിയത്. തന്റെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും യുവതിയെയും മകനെയും അതിർത്തി കടക്കുവാൻ അനുവദിക്കില്ലെന്നും സൈനികൻ പറഞ്ഞുവെന്ന് ഫോട്ടോഗ്രാഫർ റിപ്പോർട്ട് ചെയ്യുന്നു.
ലോകമെമ്പാടും ഈ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധ സ്വരങ്ങളും ഉയരുന്നുണ്ട്. മെക്സിക്കൻ അതിർത്തികളിൽ മനുഷ്യത്വത്തിന് എതിരായി നടപടികളാണ് നടപ്പിലാക്കുന്ന വിമർശനമാണുയരുന്നത്.