മരണത്തെ മുന്നിൽ കണ്ട് ഗംഗയിൽ കൂടി ഒഴുകി പോയ യുവാവിന് തുണയായി പോലീസ് ഉദ്യോഗസ്ഥൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. അതിശക്തമായി ഒഴുകിയ ഗംഗ നദിയിൽ കൂടി ഹരിയാന സ്വദേശിയായ വിശാലാണ് ഒഴുകിപ്പോയത്.
അലറികുതിക്കുന്ന നദിയിലേക്ക് ഇറങ്ങുവാൻ ആരും തയാറായില്ല. എന്നാൽ ഒരു പോലീസുദ്യോഗസ്ഥൻ സ്വന്തം ജീവൻ പണയം വച്ച് വിശാലിനെ രക്ഷിക്കുവാൻ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
വെള്ളത്തിൽ മുങ്ങി താണ വിശാലിനെ പോലീസ് ഉദ്യോഗസ്ഥൻ കൈപ്പിടിയിലൊതുക്കി തിരികെ കരയിൽ എത്തിക്കുകയും ചെയ്തു. സമീപമുണ്ടായിരുന്നയൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. ഈ പോലീസ് ഉദ്യോഗസ്ഥനെ തേടി അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.