സിൻസിയാറ്റി: ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോംഗിന്റെ മരണം ശസ്ത്രക്രിയയെ തുടർന്നാണെന്ന് കോടതി രേഖകൾ. ഒഹായോവിലുള്ള ഹാമിൽട്ടൻ കൗണ്ടി പ്രോബേറ്റ് കോടതിയാണ് രേഖകൾ പരസ്യപ്പെടുത്തിയത്.
2012 ഓഗസ്റ്റ് 25 നായിരുന്നു നീൽ ആംസ്ട്രോംഗിന്റെ മരണം. വാസ്കുലർ ബൈപാസ് സർജറിക്കുവേണ്ടിയാണ് സിൻസിയാറ്റി മേഴ്സി ഹെൽത്ത് ഫെയർഫിൽഡ് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷമായിരുന്നു മരണം. നീൽ മരിക്കുന്പോൾ 82 വയസായിരുന്നു പ്രായം. 1969 ലായിരുന്നു അദ്ദേഹം ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത്.
മരണശേഷം രണ്ടു വർഷത്തിനുള്ളിൽ ആശുപത്രിയുമായി ഉണ്ടാക്കിയ കരാറനുസരിച്ചാണ് 6 മില്യൻ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായത്.
ചൊവ്വാഴ്ചയാണ് ആദ്യമായി 93 പേജുള്ള ആംസ്ട്രോംഗിന്റെ ചികിത്സയുടെയും കേസിന്റെയും രേഖകൾ ന്യൂയോർക്ക് ടൈംസിന് ലഭിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടു മക്കൾ മാർക്കും, റിക്കുമാണ് ആശുപത്രിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകിയത്. ചന്ദ്രനിൽ കാൽകുത്തിയതിന്റെ 50ാം വാർഷികാഘോഷങ്ങൾക്കിടയിലാണ് നീൽ ആംസ്ട്രോംഗിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ