പത്തനംതിട്ട: തിരുവല്ല താലൂക്കിലെ കടപ്ര, നിരണം ഗ്രാമപഞ്ചായത്തുകളില്‍ 88 പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തരമായി വിദഗ്ധ പഠനം നടത്തി കാരണം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി 88 പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ഗൗരവപൂര്‍വമുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്നും ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണമെന്നും വിഷയം അവതരിപ്പിച്ച മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു.
കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തണം. കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11,12 വാര്‍ഡുകളിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ചു പഠനം നടത്താനുള്ള നിർദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജയ്ക്കും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷനും യോഗം നല്കി. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ഭയാശങ്കയ്ക്ക് പരിഹാരം കാണണം.
തുടര്‍ നടപടി തീരുമാനിക്കുന്നതിന് 30ന് രാവിലെ 10ന് തിരുവല്ല ആര്‍ഡിഒ ഓഫീസില്‍ എംഎല്‍എ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡിഎംഒ, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം ചേരണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ സബ് കളക്ടര്‍ നിരീക്ഷിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. .
പത്തനംതിട്ട നഗരസഭാ പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കണം. നിലവില്‍ മാലിന്യം കുമിഞ്ഞു കൂടി ദുർഗന്ധം വമിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇതു മൂലം ജനങ്ങള്‍ക്കുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.