മുണ്ടക്കയം: തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന മലയോര മേഖലയ്ക്ക് ആശ്വാസം പകർന്ന ജില്ലയിലെ ആദ്യത്തെ ആതുരാലയമായ മുണ്ടക്കയം സർക്കാർ ആശുപത്രി അവഗണനയിൽ.
പതിറ്റാണ്ടുകൾക്ക് മുന്പ് നഗര ഹൃദയത്തിൽ ആരംഭിച്ച ആശുപത്രിക്കാണ് ഈ ഗതി. പ്രസവ ശുശ്രൂഷകൾ മുതൽ പോസ്റ്റുമോർട്ടം വരെ നടന്ന ആശുപത്രി നഗര വികസനത്തിനൊപ്പം ഉയരാതെ അപര്യാപ്തതകളിലേക്കു കൂപ്പുകുത്തുകയായിരുന്നു. അവഗണനയുടെ കയ്പുനീർ കുടിച്ചിട്ടും അപര്യാപ്തതകളുടെ നടുവിൽനിന്ന് ജനങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സേവനം നൽകുവാൻ പെടാപ്പാടുപെടുകയാണ് ഇന്ന് ഇവിടത്തെ ഡോക്ടർമാരും ജീവനക്കാരും.
നിലവിൽ ഉണ്ടായിരുന്ന പഴയ കെട്ടിടത്തിനൊപ്പം സമീപത്തായി മൂന്നു കോടി രൂപ മുതൽമുടക്കി പുതിയ കെട്ടിടം നിർമിച്ചു. 90 ശതമാനവും പണികൾ പൂർത്തിയായി. ഇലക്ട്രിക് വർക്കുകളും ലിഫ്റ്റിന്റെ വർക്കുകളുമായിരുന്നു പൂർത്തിയാകാനുണ്ടായിരുന്നത്. അതും കഴിഞ്ഞ ആഴ്ചകളിൽ പൂർത്തിയായി. ഐപി, ഒപി ബ്ലോക്കുകൾക്കായി നിർമിച്ച കെട്ടിടത്തിന്റെ ആദ്യ നിലയിൽ ഫാർമസിയും ലാബോറട്ടറിയും മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 60 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യം ആവശ്യമുള്ള ആശുപത്രിയിൽ ഇപ്പോൾ കിടത്തിചികിത്സ നിലച്ചിരിക്കയാണ്. താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെങ്കിൽ ബാഹ്യമായ സൗകര്യങ്ങൾ ഇനിയും വർധിപ്പിച്ചേ മതിയാകൂ.
മഴക്കാലമായതോടെ വൈറൽപനിയുൾപ്പെടെ ദിവസേന ചികിത്സ തേടിയെത്തുന്നത് അഞ്ഞൂറോളം രോഗികളാണ്. ഇവരെ പരിശോധിക്കുവാനും ആശുപ്രതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ രണ്ടു ഡോക്ടർമാർ മാത്രമാണു നിലവിലുള്ളത്.
ആഴ്ചയിൽ മൂന്നുദിവസം കരാറടിസ്ഥാനത്തിൽ ഒരു ഡോക്ടർ എത്തുന്നുണ്ടെങ്കിലും അടുത്തുള്ള പിഎച്ച്സികളിൽ ഡോക്ടർമാർ അവധി എടുക്കുമ്പോൾ അവിടേക്ക് നിയോഗിക്കുമ്പോൾ ഇവിടെ ആകെയുള്ളത് രണ്ടു ഡോക്ടർമാർ മാത്രം. അതിലൊരാൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ ഒരു ഡോക്ടർ തന്നെ അഞ്ഞൂറിലധികം രോഗികളെ ദിവസേന പരിശോധിക്കേണ്ട അസ്ഥയാണ്. കാലത്ത് ആറു മുതൽ തന്നെ ഡോക്ടർമാരുടെ റൂമിനു പുറത്ത് രോഗികളുടെ നീണ്ടനിര പ്രകടമാകും. ഉച്ചയൂണിന്റെ ഇടവേളപോലും ഉപേക്ഷിച്ചാണ് പല ദിവസങ്ങളും ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്.
ഇതിനിടെ അത്യാഹിത വിഭാഗത്തിൽ രോഗികൾ എത്തിയാൽ ഒപിയിൽ നിന്നും എഴുന്നേറ്റ് അവരെ നോക്കാൻ പോകേണ്ടതും ഈ ഡോക്ടർമാർ തന്നെ. ഡോക്ടർമാർ എഴുന്നേറ്റ് പോകുമ്പോൾ ഒപിയിൽ കാത്തുനിൽക്കുന്ന രോഗികൾ പല ദിവസങ്ങളിലും രോഷാകുലരാകുകയും ഡോക്ടർമാരെ ചീത്തവിളിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.
പ്രത്യേക വിഭാഗം ഡോക്ടർമാർ ഇല്ലാതിരുന്നിട്ടുപോലും കൊച്ചുകുട്ടികളെയും മുതിർന്നവരെയും വ്യത്യസ്ത രോഗക്കാരെയും ഇവർത്തന്നെ ചികിത്സ നൽകുകയാണ് പതിവ്. സർക്കാർ നിശ്ചിത അവധി പോലും എടുക്കാതെയാണ് ഈ ഡോക്ടർമാർ ഇവിടെ ഡ്യൂട്ടിയിലെത്തുന്നത്.
നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും സഹകരണത്തോടെ ഒപിയിലെത്തുന്ന എല്ലാ രോഗികൾക്കും ചികിത്സ ഉറപ്പാക്കുവാൻ സേവന സന്നദ്ധരാണെന്ന് ഡോക്ടർമാർ പറയുന്നു.
അത്യാഹിത വിഭാഗത്തിൽ മതിയായ സൗകര്യങ്ങളില്ലെങ്കിലും ഇവിടെയെത്തുന്ന അത്യാഹിത രോഗികളെ പരിമിതിക്കപ്പുറം ചികിത്സ നൽകിയാണ് മറ്റു ആശുപത്രികളിലേക്കു വിടുന്നത്. അടിയന്തരമായി സർക്കാർതലത്തിൽ തന്നെ വേക്കൻസി അനുവദിച്ച് ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂർ ഒപി തുടങ്ങി പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം കാലതാമസം കൂടാതെ തുടങ്ങണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.