സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ കോളജിൽ നിന്ന് കടത്തിയിരുന്നതായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലെ ഒന്നാംപ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത് പോലീസിനോട് സമ്മതിച്ചു.
പരീക്ഷയിൽ കോപ്പിയടിക്കുന്നതിനാണ് ഉത്തരക്കടലാസ് മോഷ്ടിച്ചതെന്നും തെളിവെടുപ്പിനിടയിൽ ശിവരഞ്ജിത്ത് പറഞ്ഞു. സർവകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിനെ ഇന്നലെ യൂണിവേഴ്സിറ്റി കോളജിൽ എത്തിച്ചു പോലീസ് തെളിവെടുപ്പു നടത്തി.
ഉത്തരക്കടലാസുകൾ കോളജിലെത്തിച്ച് ഇറക്കിവച്ചപ്പോഴാണു കടത്തിക്കൊണ്ടുപോയത്. തെളിവെടുപ്പിനിടയിൽ ഉത്തരക്കടലാസ് മോഷ്ടിച്ച കാര്യം ശിവരഞ്ജിത്ത് സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഉത്തരക്കടലാസുകൾ മോഷ്ടിച്ച സ്ഥലമടക്കം ശിവരഞ്ജിത് പോലീസുകാർക്കു കാട്ടിക്കൊടുത്തു.
അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്മെന്റ് സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. ശിവരഞ്ജിത്തിന്റെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ലഭിക്കാൻ സർവകലാശാല അധികൃതർക്കു പോലീസ് നാളെ കത്തു നൽകും. ഉത്തരക്കടലാസുകൾ കൈയെഴുത്ത് പരിശോധനക്കായി ഫോറൻസിക് ലാബിലേക്കയയ്ക്കുമെന്നും പോലീസ് അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു പോലീസ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 16 കെട്ട് ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഇത് സർവകലാശാലയിൽ നിന്ന് യൂണിവേഴ്സിറ്റി കോളജിന് നൽകിയതാണെന്ന് പരീക്ഷാ കണ്ട്രോളർ സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെയാണ് സർവകലാശാല പരീക്ഷയിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. ഉത്തരക്കടലാസ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു.