കൊച്ചി: മാട്രിമോണിയല്‍ സൈറ്റില്‍ ശ്രുതി ശങ്കർ എന്ന പേരിൽ വ്യാജ പ്രൊഫൈല്‍ നല്കി യുവാവില്‍നിന്നു15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സൈനിക നഴ്സിനെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മിലിട്ടറി ക്യാമ്പില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കുള്ള നഴ്സായ തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസില്‍ സ്മിതയെ (43) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ യുവാവിനെ വ്യാജ പ്രൊഫൈലുണ്ടാക്കി വീണ്ടും കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംശയം തോന്നി പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്മിത പിടിയിലായത്. അതുകൊണ്ടു തന്നെ ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തിട്ടും അവ്യക്തമായ മറുപടികളാണ് സ്മിതയില് നിന്നും ലഭിച്ചത്. ഇതോടെയാണ് ഇവര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകാമെന്ന സംശയയമുയര്ന്നത്.
കണ്ടെടുത്ത തെളിവുകള്‍ ഇന്നു പരിശോധിക്കുമെന്നും ഇതിന് ശേഷമായിരിക്കും സ്മിതയെ കസ്റ്റഡിയില്‍ വാങ്ങുകയെന്നും സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കര്‍ രാഷ്ട്രദീപികയോടു പറഞ്ഞു. 2016 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട പേര് രജിസ്റ്റര്‍ ചെയ്ത പരാതിക്കാരന് തിരുവനന്തപുരം സ്വദേശിനിയായ ശ്രുതി ശങ്കര്‍ എന്ന പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ താല്‍പ്പര്യമുണ്ടെന്നു കാണിച്ച് സന്ദേശം അയച്ചിരുന്നു.
ബന്ധത്തിന് പെണ്‍കുട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന് പ്രൊഫൈലില്‍ നല്‍കിയിരുന്ന നമ്പറില്‍ വിളിച്ച് പെണ്‍കുട്ടിയുടെ ബന്ധുവുമായി സംസാരിച്ച് ആലോചനയുമായി മുന്നോട്ടുപോകാമെന്ന ധാരണയിലെത്തുകയും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. ഇവര്‍ തമ്മില്‍ സംസാരിക്കുകയും ഇഷ്ടത്തിലാവുകയും ചെയ്തു. ശ്രുതി എംബിബിഎസ് എംഡിക്ക് കെല്‍ക്കത്തയില്‍ പഠിക്കുകയാണെന്നും അവര്‍ കുടുംബമായി ബോംബെയില്‍ സ്ഥിരതാമസമാണെന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്.
പരാതിക്കാരന്റെ സാമ്പത്തികസ്ഥിതി മനസിലാക്കിയ പ്രതി അത്യാവശ്യകാര്യത്തിനെന്നുപറഞ്ഞ് പണം ആവശ്യപ്പെട്ടു തുടങ്ങി. വിവാഹം ഉറപ്പിച്ചതിനാല്‍ പ്രതി ആവശ്യപ്പെടുമ്പോഴെല്ലാം പരാതിക്കാരന് പണം അയച്ചു കൊടുത്തു. പ്രതി പറഞ്ഞതു പ്രകാരം സ്മിത എന്ന ആന്റിയുടെ അക്കൗണ്ട് നമ്പറിലേക്കാണ് പരാതിക്കാരന് 15 ലക്ഷം രൂപ അയച്ചുകൊടുത്തത്. ഇതിനിടയില്‍ പലപ്പോഴായി ശ്രുതിയുടെ ഫോട്ടോ എന്നുപറഞ്ഞ് വ്യാജ പ്രൊഫൈലില്‍ ഉള്ള ഫോട്ടോയും കുടുംബ ഫോട്ടോയും അയച്ചുകൊടുത്തിരുന്നു.
പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല ഒഴിവുകളും പറയാന്‍ തുടങ്ങുകയും വളരെ വിദഗ്ധമായി പ്രതി തനിക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞു പരാതിക്കാരനെ ഒഴിവാക്കുകയും ചെയ്തു.എന്നാല്‍, ഒരു മാസം മുമ്പ് പ്രതി വീണ്ടും നിയതി നാരായണന് എന്ന പ്രൊഫൈലില്‍ മാട്രിമോണിയല്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരാതിക്കാരനെ ബന്ധപ്പെട്ടു. പ്രതിയുടെ സംസാരത്തില്‍ നിന്ന് തന്നെ കബളിപ്പിച്ച പഴയ പെണ്‍കുട്ടിയാണിതെന്ന് മനസിലാക്കിയ യുവാവ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിക്ക് പരാതി നല്കി.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തില്‍ മാട്രിമോണിയില്‍ ഓഫീസിലും ബാങ്കിലും നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയുടേതായുള്ള രണ്ട് അക്കൗണ്ടുകളും വ്യാജ പ്രൊഫൈല്‍ ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആന്റിയുടെയാണെന്നു പറഞ്ഞ് പ്രതി അയച്ചുകൊടുത്ത സ്മിതയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. സ്മിത തിരുവനന്തപുരം സ്വദേശിയാണെന്നു മനസിലാക്കിയ സെന്‍ട്രല്‍ പോലീസ് അന്വേഷണം തിരുവനന്തപുരം ഭാഗത്തേക്ക് വ്യാപിപ്പിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.