പാലക്കാട്: വാളയാറിലെ ആർടിഒ ചെക്ക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽപരിശോധന. ഇടനിലക്കാരൻ മുഖേന കൈക്കൂലിയായി പിരിച്ചെടുത്ത രണ്ടു ലക്ഷം രൂപ പിടികൂടി. സർക്കാരിന് ലഭിക്കേണ്ടുന്ന വരുമാനത്തിൽ മുപ്പത്തിആറായിരം രൂപയുടെ കുറവും കണ്ടെത്തി. കൈക്കൂലി പണം കൈമാറിയ ഇടനിലക്കാരനായ അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നരയ്ക്കായിരുന്നു പരിശോധന.
ചെക്ക്പോസ്റ്റിൽ ജോലിയിൽ ഉണ്ടായിരുന്ന ഒരു മോട്ടോർ വാഹന ഇൻസ്പെക്ടർ, നാല് എഎംവിഐ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.എംവിഐ റോണീ വർഗ്ഗീസ്, എഎംവിഐമാരായ പ്രവീണ്‍, അജിത്, ഷിബു, ജെറാൾഡ് എന്നിവരാണ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.