പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാന്പിലെ അട്ടപ്പാടി സ്വദേശിയായ പോലീസുകാരന്റെ ദുരൂഹമരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഉന്നത പോലീസുദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് പോലീസുകാരൻ മരണപ്പെട്ടതെന്ന ബന്ധുക്കളുടെ പരാതി ഗൗരവമേറിയതാണ്.
മരിച്ച പോലീസുകാരനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും പോലീസ് സേനക്കകത്ത് ന്യൂനപക്ഷ വിഭാഗക്കാരായ പോലീസുകാരോടുള്ള വിവേചനവും അസഹിഷ്ണുതയും വർധിച്ചു വരുന്നത് ആഭ്യന്തര വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അധ്യക്ഷത വഹിച്ചു. എം.സുലൈമാൻ, പി.ലുഖ്മാൻ, പി.മോഹൻദാസ്, ചന്ദ്രൻ പുതുക്കോട്, ആസിയ റസാഖ്, ട്രഷറർ എ.ഉസ്മാൻ സംസാരിച്ചു.
ജുഡീഷ്യൽ അന്വേഷണം വേണം: ബി.ജെ.പി
പാലക്കാട്: കല്ലേക്കാട് എ ആർ ക്യാന്പിലെ ആദിവാസി വിഭാഗത്തിൽ പെട്ട അഗളി സ്വദേശിയായ കുമാർ എന്ന പോലീസുകാരന്റെ ദുരൂഹമായ സാഹചര്യത്തിലുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഭാരതീയ ജനത പാർട്ടി ജില്ലാ ഘടകം ആവശ്യപ്പെട്ടു. ജോലി സ്ഥലത്തുള്ള വിവേചനവും പീഡനവും ഉണ്ടായിട്ടുണ്ടോ എന്ന് പുറമേ നിന്നുള്ള ഒരു ഏജൻസി അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തു കൊണ്ടു വരാൻ സാധിക്കുകയുള്ളൂ.
കുമാർ ആത്മഹത്യ ചെയ്യാൻ തക്ക കാരണങ്ങൾ ഇല്ലെന്ന് കുടുംബക്കാർ പറയുന്നത് അവിശ്വസിക്കേണ്ട സാഹചര്യം ഇല്ലാത്തതാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോട് കൂടിയാണോ പോലീസ് ക്യാന്പുകളിൽ പീഡനം നടന്നു വരുന്നത് എന്നും അന്വേഷണ വിധേയമാക്കേണ്ടതാണ്. പിന്നോക്ക വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് നേരെ പോലീസ് ക്യാന്പുകളിൽ വിവേചനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് ജില്ലാ അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.