ഇന്ത്യയിലും വിദേശത്തും ഒരു പോലെ പ്രശസ്തമായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയെ കാണാതായതായി പരാതി. കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുടെ മരുമകന്‍ കൂടിയായ സിദ്ധാര്‍ത്ഥ മംഗളൂരുവില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെയാണ് കാണാതായിരിക്കുന്നത്. ചിക്കമംഗളൂരുവിലേക്കുള്ള ബിസിനസ് ട്രിപ്പിലായിരുന്നു സിദ്ധാര്‍ത്ഥ. തിരികെ വരുന്നതിനിടെ മംഗലാപുരത്ത് അടുത്ത് ഉള്ളാള്‍ പാലത്തില്‍ വച്ച് അദ്ദേഹം ഇന്നോവ കാറില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു.
പിന്നീട്, 90 മിനിട്ടായിട്ടും അദ്ദേഹം തിരികെ വരാതിരുന്നപ്പോള്‍ ഡ്രൈവര്‍ ഇറങ്ങി അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ അദ്ദേഹത്തിന്റെ ഫോണ്‍ ലഭിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം പാലത്തില്‍ നിന്നും നദിയിലേക്ക് ചാടുകയായിരുന്നോ എന്നാണ് പോലീസ് കരുതുന്നത്. ഇദ്ദേഹത്തെ കാണാതായി എന്നു പറയുന്ന പാലത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മാത്രമാണ് നദിയും കടലും തമ്മില്‍ ചേരുന്നത്. ഇതേത്തുടര്‍ന്ന് പോലീസ് സംഘം നദിയില്‍ പരിശോധന നടത്തുകയാണ്.
ഇന്ന് പുലര്‍ച്ചെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്ദ്യൂരപ്പയും കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാര്‍, ബി.എല്‍. ശങ്കര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും എസ്.എം.കൃഷ്ണയുടെ ബെംഗളൂരുവിലുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതി ചെയ്യുന്ന വ്യവസായിയായ സിദ്ധാര്‍ത്ഥയുടെ ഓഫീസില്‍ 2017 സെപ്റ്റംബറില്‍ പരിശോധന നടത്തിയിരുന്നു. 130ഓളം വര്‍ഷമായി കാപ്പി കയറ്റുമതി ചെയ്യുന്നു കുടുംബപാരമ്പര്യത്തില്‍ നിന്നാണ് സിദ്ധാര്‍ത്ഥ കഫേ കോഫി ഡേ എന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. ഈ വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് കഫേ കോഫി ഡേയുടെ ഓഹരി 19 ശതമാനം ഇടിഞ്ഞു.