ന്യൂഡല്‍ഹി: സൈനിക സേവനത്തിനായി ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസം അവധിയെടുത്ത ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ മഹേന്ദ്ര സിംഗ്് ധോണിയെ പ്രകീര്‍ത്തിച്ച് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെര്ഡര് കോട്രെല്‍. ക്രിക്കറ്റ് കളത്തിലും അതിനു പുറത്തും എല്ലാവര്ക്കും പ്രചോദനമാണ് ധോണിയെന്ന് കോട്രെല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
ജമൈക്കയുടെ പ്രതിരോധ സേനയിലെ സൈനികനാണ് കോട്രെല്‍. സല്യൂട്ട് അടിച്ചുള്ള കോട്രെലിന്റെ വിജയാഘോഷം ലോകകപ്പിനിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.“ഈ മനുഷ്യന് ഗ്രൗണ്ടിലെ പ്രചോദനമാണ്. അതു മാത്രമല്ല, ഇപ്പോള്‍ രാജ്യസ്നേഹിയാണെന്നും തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റിനേക്കാള്‍ രാജ്യത്തെ സ്നേഹിക്കുന്നവന്.’’ കോട്രെല്‍ ട്വീറ്റില്‍ കുറിച്ചു.
2011ലുള്ള ധോണിയുടെ ഒരു വീഡിയോയും വിന്‍ഡീസ് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി രാഷ്ട്രപതിയില്‍നിന്ന് ധോണി സ്വീകരിക്കുന്നതാണ് ആ വീഡിയോയിലുള്ളത്.
‘’ ഈ വീഡിയോ ഞാന്‍ എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കുന്നു. ആദരിക്കപ്പെടുക എന്നത് എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അവര്‍ക്ക് അറിയാം. ഇവിടെ ഈ വീഡിയോയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പരസ്പര സ്നേഹവും അവര്‍ക്ക് രാജ്യത്തോടുള്ള സ്നേഹവും കാണാനാകും. ഞാന്‍ ആസ്വദിച്ചതു പോലെ നിങ്ങളും ആസ്വദിക്കൂ.’’ കോട്രെല്‍ വീഡിയോടൊപ്പം ട്വീറ്റ് ചെയ്തു.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി പാരച്യൂട്ട് റെജിമെന്റില്‍ (106 പാരാ ബറ്റാലിയൻ) അംഗമാണ്. 2015ലാണ് ധോണി പാരാട്രൂപ്പില് അംഗമായത്. സൈനിക സേവനത്തിനായി രണ്ട് മാസം വിട്ടുനില്‍ക്കുകയാണെന്നും അതുകൊണ്ട് തന്നെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോണി സെലക്ഷന് കമ്മിറ്റിയെ അറിയിച്ചിരുന്നു.
ജമ്മു കഷ്മീരില് സൈന്യത്തോടൊപ്പം 15 ദിവസം സേവനമനുഷ്ഠിക്കുന്ന ധോണി പട്രോളിംഗ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ വഹിക്കും.