നിലന്പൂർന വണ്ടൂർ: വാണിയന്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർക്ക് വെടിയേറ്റു. നിലന്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിനാണ് വെടിയേറ്റത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് ഹാഷിഷ് പിടികൂടിയ കേസിൽ മുങ്ങിയ പ്രതിയായ കോട്ടയം ഓണംതുരുത്ത് നീണ്ടൂർ ചക്കുപുരക്കൽ ജോസഫിന്റെ മകൻ ജോർജ് കുട്ടി(34) വാണിയന്പലത്തെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് രഹസ്യവിവരമറിഞ്ഞ് എക്സൈസ് സംഘം ഇയാളെ പിടികൂടാനെത്തിയത്.
തിരുവനന്തപുരത്തു നിന്നു എത്തിയ എക്സൈസ് ഉദ്യോഗസ്ഥരും മലപ്പുറം ഡെപ്യൂട്ടി കമ്മീഷണർ കെ.സജി, മലപ്പുറം ഇഐ ആൻഡ് ഐബിയിലെ പ്രിവന്റീവ് ഓഫീസർ ടി.ഷിജുമോന്റെയും നേതൃത്വത്തിലുള്ള കാളികാവ് -നിലന്പൂർ റേഞ്ചുകളിലെ എക്സൈസ് സംഘവും വണ്ടൂർ വാണിയന്പലം മാടശേരി അറങ്ങോടൻപാറയിൽ ഇയാളെ പിടികൂടാനെത്തുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥർ വീട് വളഞ്ഞതിനെത്തുടർന്നു ജോർജ് കുട്ടി കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ചു നാലു റൗണ്ട് വെടിയുതിർക്കുകയായിരുന്നു. മനോജ് കുമാറിന്റെ വലതുകാലിന് മുട്ടിനുതാഴെയാണ് വെടികൊണ്ടത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ മനോജ് കുമാറിനെ അടിയന്തിരശസ്ത്രക്രിയക്ക് വിധേയമാക്കി.
തിര തീർന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ എക്സൈസ് സംഘം പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനു വണ്ടൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയിൽനിന്നും പിടികൂടിയ പിസ്റ്റൾ വണ്ടൂർ പോലീസിനു കൈമാറിയിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ജികെ എന്നുവിളിക്കുന്ന പ്രതി പോലീസ് സബ് ഇൻസ്പെക്ടറെ കുത്തിപരിക്കേൽപിച്ച കേസിലും പ്രതിയാണ്.
തിരുവനന്തപുരത്ത് 20 കിലോഗ്രാം ഹാഷിഷ് ഓയിലുമായി കഴിഞ്ഞ മാസം 23നാണ് പ്രതി തിരുവനന്തപുരം എക്സൈസിന്റെ പിടിയിലായത്. തുടർന്നു കഴിഞ്ഞ അഞ്ചിനു തെളിവെടുപ്പിനിടെ ബംഗളൂരുവിൽവച്ചു കസ്റ്റഡിയിൽനിന്നു ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതി ആന്ധ്രപ്രദേശിലേക്ക് കടന്നു. ആന്ധ്രയിലെ പരിചിതമായ കഞ്ചാവ് തോട്ടത്തിനു സമീപമുള്ള മലഞ്ചെരുവിൽ ടെന്റ് കെട്ടി താമസിച്ചെങ്കിലും തുടർച്ചയായ മഴ അവിടുത്ത താമസം ദുഷ്കരമാക്കി. തുടർന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ബംഗളൂരു വഴി വണ്ടൂരിലെ രണ്ടാംഭാര്യയുടെ വീട്ടിലെത്തുകയായിരുന്നു.
മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ മലപ്പുറം എക്സൈസ് സ്ക്വാഡിലെ എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ വി.എ.പ്രദീപ്, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ടി.സജിമോൻ, എസ്.മനോജ് കുമാർ, റോബിൻ ബാബു, തിരുവന്തപുരം എസ്.ഐടി ഇൻസ്പെക്ടർ കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി.ഷിജുമോൻ, എൻ.ശങ്കരനാരായണൻ, മധു, സിവിൽ എക്സൈസ് ഓപീസർമാരായ വി.ലിജിൻ, ടി.കെ.സജീഷ്, വി.സുഭാഷ്, കെ.എസ്.അരുണ്കുമാർ, സി.റിജു, എം.സുലൈമാൻ, ദിനേഷ്, ഡ്രൈവർ സവാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.