കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസം 1500 പൊതിച്ചോർ നല്കുന്ന ഹൃദയപൂർവം പദ്ധതിക്ക് ഓഗസ്റ്റ് ഒന്നിന് ഡിവൈ എഫ്ഐ ജില്ലാ കമ്മിറ്റി തുടക്കമിടും.മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവു ഉച്ചയ്ക്ക് ആഹാരം നൽകുന്നതാണ് ഹൃദയപൂർവം പദ്ധതി.
ഇതോടൊപ്പം തന്നെ ജീവാർപ്പണം എന്ന പേരിൽ മെഡിക്കൽ കോളജിലെ രക്തബാങ്കിലേക്ക് പ്രവർത്തകർ എല്ലാ ദിവസവും രക്തം നൽകുന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. ഡിവൈഎഫ്ഐയുടെ ജില്ലയിലെ 117 പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നുമാണ് ഉച്ചഭക്ഷണം എത്തിക്കുന്നത്. ഒരു പഞ്ചായത്ത് കമ്മിറ്റി ഒരു ദിവസം 1500 പൊതിച്ചോറുകൾ എത്തിച്ചു നൽകും. ഇതിനായി പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ ഭവനങ്ങൾ സന്ദർശിക്കുകയും ഹൃദയപൂർവം പദ്ധതിയുടെ പ്രാധാന്യം വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി വാഴയിലയിലായിരിക്കും പൊതിച്ചോർ എത്തിക്കുക. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഹൃദയപൂർവം പദ്ധതി ഉദ്ഘാടനം ചെയ്യും. ജീവാർപ്പണം പദ്ധതി കെ. സുരേഷ്കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
മറ്റു ജില്ലകളിൽ താലൂക്ക് ആശുപത്രികളും മെഡിക്കൽ കോളജുകളും കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആഹാരം നൽകുന്ന പദ്ധതി നടന്നുവരുന്നുണ്ട്. ആശുപത്രിയിലെത്തുന്ന പാവപ്പെട്ടവരായ രോഗിയും കൂട്ടിരിപ്പുകാരും ഭക്ഷണം കിട്ടാതെ വലയരുതെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.ആർ. അജയ്, സെക്രട്ടറി സജേഷ് ശശി എന്നിവർ പറഞ്ഞു.