സി.സി.സോമൻ
കോട്ടയം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളും ഫ്രണ്ട് ഓഫീസുകളും നിരീക്ഷിക്കാൻ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പ്രത്യേക വിഭാഗം ഏർപ്പെടുത്തി. ലോക്കപ്പിനു മുന്നിലും ഫ്രണ്ട് ഓഫീസിലും സ്ഥാപിച്ച കാമറയിലെ ദൃശ്യങ്ങൾ 24 മണിക്കൂറും പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിരീക്ഷിക്കും. ഇതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളിലും കാമറ ദൃശ്യങ്ങൾ എത്തും. ലോക്കപ്പുകളിൽ എന്തു നടക്കുന്നുവെന്ന് തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും അറിയാൻ കഴിയുന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്തി.
ഒരാഴ്ച മുൻപാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകൾക്കു മുന്നിലുള്ള കാമറ പോലീസ് ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും എന്തു നടക്കുന്നുവെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ അറിയാൻ കഴിയും. ചില പോലീസ് സ്റ്റേഷനുകളിൽ കേടായ കാമറകളുണ്ടായിരുന്നത്് നന്നാക്കി.
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന സംഭവങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വൈകിയാണ് അറിയുന്നതെന്ന പരാതിയുണ്ടായിരുന്നു. അതുകൊണ്ടാണ് തൽസമയം നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയത്. ലോക്കപ്പിൽ ആരെയെങ്കിലും അനധികൃതമായി പാർപ്പിച്ചാൽ ഇനി വിവരമറിയും.
ലോക്കപ്പിൽ കിടക്കുന്ന പ്രതികളെ സംബന്ധിച്ച റിപ്പോർട്ട് എല്ലാ ദിവസവും വൈകുന്നേരം പോലീസ് ഹെഡ്ക്വാർട്ടേഴ്സിന് നല്കണമെന്നാണ് മറ്റൊരു പുതിയ നിർദേശം. നെടുങ്കണ്ടം ലോക്കറ്റ് മർദനത്തെ തുടർന്നാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്. അതേ സമയം വീടുകളിലും മറ്റും മദ്യപിച്ച് കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരെ പിടികൂടി ലോക്കപ്പിലിടുന്ന രീതിക്ക് മാറ്റം വന്നു.
മദ്യപിച്ച് വീടുകളിൽ വഴക്കുണ്ടാക്കുന്നവരെ വീട്ടുകാർ വിളിച്ചുപറയുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടി രാത്രിയിൽ ലോക്കപ്പിലിടാൻ പോലീസ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. പിടികൂടിയാൽ കേസെടുത്ത് വീട്ടുകാരുടെ ജാമ്യത്തിൽ പറഞ്ഞയക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ലോക്കപ്പിലിട്ടാൽ പണികിട്ടുമോ എന്ന ആശങ്കയാണ് പോലീസ് ഉദ്യോഗസ്ഥർക്കുള്ളത്.