തലശേരി: വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തലശേരി മുനിസിപ്പൽ കൗൺസിലറുമായ സി.ഒ.ടി നസീറിനെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് ബോധപൂർവ്വം നിയമ വ്യവസ്ഥയെ തകിടം മറിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഗൂഢാലോചനയിൽ പ്രതിസ്ഥാനത്തുള്ള എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂർത്തിയാവില്ലെന്ന് അറിഞ്ഞിട്ടും പോലീസ് നിസംഗത തുടരുന്നത് സേനയുടെ അന്തസ് കളയുന്ന നടപടിയാണ്.
എ.എൻ ഷംസീർ എംഎൽഎ സഞ്ചരിക്കുന്ന വാഹനത്തിൽ വച്ചാണ് വധഗൂഢാലോചന നടന്നതെ ന്നാണ് പോലീസ് അന്വേഷണത്തിൽ തന്നെ കണ്ടെത്തിയത്. എന്നാൽ, ജില്ലാ പോലീസ് ചീഫിന്റെ വീടിന്റെ മുന്നിലൂടെ കസ്റ്റഡിയിലെടുക്കേണ്ട വാഹനം കടന്നുപോയപ്പോൾ പോലും അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസിന് കണ്ടുകിട്ടുന്നില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് പോലീസിന് നല്കുന്ന ജോലി ചെയ്യാൻ നിർബന്ധിതരാകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
വധശ്രമകേസ് അന്വേഷണം പ്രഹസനമാക്കുന്ന പോലീസ് നടപടിക്കെതിരെ എ.എൻ.ഷംസീർ എംഎൽഎയുടെ വീട് സ്ഥിതി ചെയ്യുന്ന മാടപ്പീടികയിൽ നിന്ന് തലശേരിയിലേക്ക് ഓഗസ്റ്റ് ഒന്നിന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഡിസിസി പ്രസിഡന്റ് നയിക്കുന്ന മാർച്ച് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. വൈകുന്നേരം നാലിന് തലശേരി ടൗണിൽ നടക്കുന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എംപിമാരായ കെ.മുരളീധരനും കെ.സുധാകരനും പ്രസംഗിക്കും.