കൊടകര: ചിത്രങ്ങളിൽ കാണുന്ന മനോഹര രൂപങ്ങൾക്ക് മുളയളികളിലൂടെ ജീവൻ നൽകുകയാണ് അറുപതു പിന്നിട്ട തങ്കമ്മ. മുളയും ഈറ്റയും ഉപയോഗിച്ച് കുട്ടയും മുറയും നെയ്തുണ്ടാക്കി ഉപജീവനം നടത്തുന്ന തങ്കമ്മ കഴിഞ്ഞ വർഷം മുതലാണ് ഒരു പരീക്ഷണമെന്ന് നിലയിൽ മുളംചീളുകൾകൊണ്ട് കലാരൂപങ്ങളൊരുക്കാൻ തുടങ്ങിയത്. തങ്കമ്മ മുളകൊണ്ട് നെയ്തുണ്ടാക്കിയ മനോഹരമായ നിലവിളക്ക് കണ്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് തങ്കമ്മയെ അനുമോദിച്ചു.
മന്ത്രിയുടെ അനുമോദനവാക്കുകൾ നിധി പോലെ മനസിൽ സൂക്ഷിക്കുകയാണ് ഈ വയോധിക. ആലത്തൂർ മൂന്ന് സെന്റ് കോളനിയിലെ വടക്കേക്കര കുഞ്ഞിറ്റിയുടെ ഭാര്യയാണ് തങ്കമ്മ. ഭർത്താവ് കുഞ്ഞിറ്റി നാലുവർഷം മുന്പ് മരിച്ചു. ഇപ്പോൾ മക്കളോടും പേരക്കുട്ടികളുമോടൊപ്പമാണ് തങ്കമ്മ താമസിക്കുന്നത്.
ഈറ്റയുടേയും മുളയുടേയും ക്ഷാമം രൂക്ഷമായപ്പോൾ അതിനെ മറികടക്കാൻ വീട്ടുമുറ്റത്ത് മുളങ്കൂട്ടം തന്നെ ഇവർ വച്ചുപിടിപ്പിച്ചു. കലാരൂപങ്ങളൊരുക്കാനും കുട്ടയും മുറവും നെയ്യാനും ആവശ്യമായ മുളകൾ സ്വന്തം വീട്ടുമുറ്റത്തുനിന്ന് തന്നെയാണ് തങ്കമ്മ ശേഖരിക്കുന്നത്. പേരക്കുട്ടികളായ അനന്യൻ, ആരാധന എന്നിവരുടെ പ്രോത്സാഹനവും നിർബന്ധവുമാണ് മുളകൊണ്ടുള്ള കലാവിരുതിന്റെ ലോകത്തേക്ക് തങ്കമ്മയെ കൊണ്ടുവന്നത്.
ഏറെ സങ്കീർണ്ണതകളുള്ള തെയ്യക്കോലവും വട്ടമുടിയുമാണ് ആദ്യം നെയ്തത്. പിന്നീട് കൊന്പനാനയും നിലവിളക്കും കുഞ്ഞുവീടുകളും തുടങ്ങി കാണുന്നതെല്ലാം മുളകൊണ്ടു നെയ്്തെടുക്കാൻ തുടങ്ങി. മന്ത്രിയുടെ അഭിനന്ദനം കിട്ടിയതോടെ കൂടുതൽ കലാരൂപങ്ങൾ നെയ്തെടുക്കാനുള്ള ആവേശത്തിലാണ് തങ്കമ്മ. ശ്രീബുദ്ധന്റെ രൂപമാണ് ഇപ്പോൾ പണിപ്പുരയിലൊരുങ്ങുന്നത്.