കൊല്ലം :മത്സ്യബന്ധന മേഖലയെ തകർക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. യന്ത്രവൽകൃത മത്സ്യബന്ധന മേഖലയെ പ്രതിസന്ധിലാക്കുന്നതും മത്സ്യബന്ധനത്തിൽ നിന്നും മത്സ്യതൊഴിലാളികളെ പിന്തിരിപ്പിക്കുന്നതുമായ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ അടിയന്തിരമായി പിൻവലിക്കണം.
ലൈസൻസ് ഫീസ് 2000, 3000 രൂപയിൽ നിന്നും 52500 രൂപയായി വർദ്ധിപ്പിച്ചത് മത്സ്യതൊഴിലാളികളോടുളള പ്രതികാര നടപടിയാണ്. ലൈസൻസ് ഫീസ് ഇരുപത് ഇരട്ടിയിലേറെ വർദ്ധിപ്പിച്ചതിന്റെ അടിസ്ഥാനം എന്താണെന്ന് വകുപ്പ് മന്ത്രി വെളിപ്പെടുത്തണം. ലൈസൻസ് ഫീസിന്റെ പേരിൽ മത്സ്യ മേഖലയെ കൊളളയടിക്കാനും നിരുത്സാഹപ്പെടുത്താനുമുളള സർക്കാർ സമീപനം ദുരുദ്ദേശപരമാണ്.
വെളളത്തിലോടുന്ന ബോട്ടുകൾക്ക് റോഡ് സെസ് ഏർപ്പെടുത്തുന്നതിനെതിരെ ലോകസഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും റോഡ് സെസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണ്. ഫിഷറീസ് കൗണ്‍സിലുകളും ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളും രൂപീകരിച്ച് മത്സ്യമേഖല സി.പി.എം ന്റെ രാഷ്ട്രീയതാവളങ്ങളാക്കി മാറ്റാനുള്ള ശ്രമം പ്രതിഷേധാർഹവുമാണ്.
പ്രാദേശിക തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ പ്രാധിനിത്യം ഉറപ്പാക്കി വേണം സൊസൈറ്റികളുടെ രൂപീകരണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.