ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോകുന്ന ട്രെയിനുകളെപോലെ കെഎസ്ആർടിസി ബസുകളും നഗരത്തെ അവഗണിക്കുന്നതായി പരാതി. പഴയതും പുതിയതുമായ ഒരു കെഎസ്ആർടിസി ബസും ഷൊർണൂർ ബസ് സ്റ്റാൻഡിനുള്ളിലോ നഗരത്തിനുള്ളിലോ പ്രവേശിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുമുള്ളത്.
കെഎസ്ആർടിസി ബസുകൾ ഷൊർണൂർ നഗരത്തിനുള്ളിൽ പ്രവേശിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുകയാണ്. ഫെയർസ്റ്റേജും അംഗീകൃത സ്റ്റോപ്പും ഷൊർണൂർ നഗരത്തിലുണ്ടെങ്കിലും ഇതൊന്നും കെഎസ്ആർടിസി ബസുകൾക്ക് ബാധകമല്ല. ടിക്കറ്റെടുത്ത യാത്രക്കാരെ ബൈപ്പാസ് റോഡിൽ ഇറക്കിവിടുകയാണ് കെഎസ്ആർടിസി ചെയ്യുന്നത്.പുതിയ കെഎസ്ആർടിസി ബസുകൾ ഷൊർണൂർവഴി കടന്നുപോകുന്നുണ്ടെങ്കിലും ഇതെല്ലാം നഗരത്തിന് അന്യമാണ്. ഇതുവഴിയുണ്ടായിരുന്ന നാലു കെഎസ്ആർടിസി ബസുകൾ ഇതിനകം അധികൃതർ നിർത്തുകയും ചെയ്തു.
പുതിയ ബസുകൾ ബൈപ്പാസ് വഴി ചീറിപ്പാഞ്ഞു പോകുന്പോഴാണ് പലപ്പോഴും ഷൊർണൂർകാർ ഇതുവഴി വീണ്ടും പുതിയ ബസുകൾ അനുവദിച്ച കാര്യം മനസിലാക്കുന്നത്. എന്നാൽ ഇതിന്റെ യാതൊരു ഗുണവും ഷൊർണൂർ നഗരത്തിലുള്ളവർക്ക് ലഭിക്കുന്നില്ല. ലോഫ്ളോർ ബസുകളായ നിലന്പൂർ, ആലപ്പുഴ, തൃശൂർ, പാലക്കാട്, നിലന്പൂർ, നെടുന്പാശേരി, പാലക്കാട് തൃശൂർ, എന്നീ റൂട്ടുകളിൽ ഷൊർണൂർവഴി ഓടിയിരുന്ന ബസുകൾ കെഎസ്ആർടിസി ഇതിനകം നിർത്തുകയും ചെയ്തു.
എന്നാൽ സമയക്രമം മാറി അഞ്ചു നെടുന്പാശേരി ബസുകൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12.30ന് ഷൊർണൂരിൽനിന്ന് പാലക്കാട്-ഗുരുവായൂർ ബസുണ്ട്. അരകിലോമീറ്റർപോലും ദൂരമില്ലാത്ത ബൈപാസ് റോഡിൽനിന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്കും നഗരസഭ ബസ് സ്റ്റാൻഡിലേക്കും തിരിഞ്ഞുനോക്കാൻ അധികൃതർ തയാറല്ല.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനെന്ന വിശേഷണമുള്ള ഷൊർണൂരിനെ പൂർണമായും അവഗണിച്ചാണ് കെഎസ്ആർടിസി ബസുകളുടെ യാത്ര.
ബസുകൾ വരില്ലെന്നതിന്നാൽ സ്ഥിരം യാത്രക്കാർപോലും ബൈപ്പാസ് റോഡിലേക്ക് പോയാണ് കെഎസ്ആർടിസിയിൽ കയറുന്നത്്. എന്നാൽ പലപ്പോഴും ഈ ബസുകൾ ബൈപ്പാസിലും നിർത്താറില്ല. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻവഴി നിരവധി ട്രെയിനുകൾ കടന്നുപോകുന്നുണ്ടങ്കിലും ഇവയിൽ ഭൂരിഭാഗവും ഷൊർണൂർ നഗരം സ്പർശിക്കാതെ ലിങ്ക് വഴിയാണ് പോകുന്നത്. ഇതേസ്ഥിതിതന്നെയാണ് കെഎസ്ആർടിസി ബസുകളുടെ കാര്യത്തിലും ഷൊർണൂരിൽ സംഭവിക്കുന്നത്.
ഷൊർണൂർ ജംഗ്ഷനിൽ മുഴുവൻ കെഎസ്ആർടിസി ബസുകളും വരണമെന്നും സ്റ്റാൻഡിൽ കയറണമെന്നും ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും കെഎസ്ആർടിസി വഴങ്ങിയില്ല. കെഎസ്ആർടിസി ബസുകൾ നിർബന്ധമായും ഷൊർണൂർ നഗരത്തിനുള്ളിൽ പ്രവേശിക്കണമെന്നും സ്റ്റാൻഡിൽ കയറണമെന്നും നാട്ടുകാരിൽനിന്നും വ്യാപക ആവശ്യം ഉയർന്നിട്ടുണ്ട്.