തളിപ്പറമ്പ്(കണ്ണൂർ): തേനീച്ചകളുടെ ആക്രമണത്തെ തുടർന്ന് മാങ്ങാട്ടുപറമ്പ് ഇ.കെ.നായനാര്‍ സ്മാരക ഗവ.അമ്മയും കുഞ്ഞും ആശുപത്രിയിലെ മൂന്നാംനിലയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മൂന്നാംനിലയിലെ വാര്‍ഡിനകത്തേക്ക് തേനീച്ചകള്‍ കൂട്ടത്തോടെ കടന്നുവന്നത്.
ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കൂടുകൂട്ടിയ തേനീച്ചകള്‍ എന്തോ കാരണത്താല്‍ വാര്‍ഡിനകത്തേക്ക് കടക്കുകയായിരുന്നു. പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും തേനീച്ചകളുടെ കുത്തേല്‍ക്കാതിരിക്കാന്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ ആശുപത്രി ജീവനക്കാര്‍ രോഗികളെയും കൂട്ടിരിപ്പുകാരേയും ഉടന്‍ രണ്ടാം നിലയിലേക്ക് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ആശുപത്രിയുടെ മൂന്നാംനിലയുടെ മുകളില്‍ നിരവധി തേനീച്ചകള്‍ കൂടുകൂട്ടിയിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നീക്കം ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. ഇപ്പോഴും മൂന്നാം നിലയില്‍ തേനീച്ചകള്‍ ഉള്ളതിനാല്‍ വാര്‍ഡുകള്‍ ഒഴിച്ചിട്ടിരിക്കയാണ്. മാടപ്രാവുകളോ മറ്റ് പക്ഷികളോ തേനീച്ചക്കൂട്ടില്‍ തട്ടിയതായിരിക്കാം കാരണമെന്ന് സംശയിക്കുന്നു.