തലശേരി: നഗരമധ്യത്തില്‍ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് നാളെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്ന വിനോദ് (31) ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ച കേസിലാണ് സിഐ കെ. സനല്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന് വളയം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
സംഭവം നടന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് കേസന്വേഷണം പൂര്‍ത്തിയാക്കി തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രനാ (51) ണ് കേസിലെ പ്രതി.
ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ പ്രതി അശ്രദ്ധമായാണ് തോക്കു കൈകാര്യം ചെയ്തതെന്നും പ്രതി കുറ്റകരമായ നരഹത്യയാണ് നടത്തിയിട്ടുള്ളതൈന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലയ്ക്കുപയോഗിച്ച തോക്കും സംഭവസ്ഥലത്തു നിന്നും ശേഖരിച്ച സിസിടിവി ഹാര്‍ഡ് ഡിസ്കും ഉള്‍പ്പെടെ 15 തൊണ്ടി മുതലുകളും 25 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ കാശ്മീരില്‍ നിന്നുമാണ് തലശേരി പോലീസ് കണ്ടടുത്തത്.
സംഭവത്തിലെ ഫോറന്‍സിക് റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വെടിവെപ്പ് നടന്ന ബാങ്കില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 2 ന് രാവിലെ 9.50 നാണ് വില്ന വിനോദ് ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചത്.
സംഭവത്തിന് ഒരു മാസം മുമ്പാണു വില്ന ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി ജോലിക്കു കയറിയത്.വില്ന വെടിയേറ്റ് മരിച്ച കെട്ടിടത്തില്‍ നിന്നും ബാങ്കിന്റെ പ്രവര്‍ത്തനം എന്‍സിസി റോഡിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ചിട്ടും യാതോരു നഷ്ടപരിഹാരവും നല്‍കാത്ത ബാങ്ക് അധികൃതരുടെ നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.