പാലക്കാട്: പാലക്കാട് ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരാൾ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന കോടികൾ വിലമതിക്കുന്ന ഹാഷിഷ് ശേഖരമാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ഇന്നു പുലർച്ചെ പാലക്കാട് -പൊള്ളാച്ചി റോഡിൽ നോന്പിക്കോട് എന്ന സ്ഥലത്തുവച്ചാണ് വാഹനപരിശോധനയ്ക്കിടെ കോടികൾവിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്.
സംഭവത്തിൽ ഇടുക്കി പാറത്തോട് കൊച്ചു എന്ന വിളിപ്പേരുള്ള അനൂപ് ജോർജ് ആണ് അറസ്റ്റിലായത്. കാറിലുണ്ടായിരുന്ന മറ്റുമൂന്നുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിന്റെ (എപി 31 ബിഡി 6068) ഡോർ പാനലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ശേഖരം. 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഇതിന് രാജ്യാന്തര വിപണിയിൽ 22 കോടിരൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. പിടിയിലായ അനൂപിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
സംസ്ഥാന എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ ചുമതലയുള്ള എസ് ഐ ടി. അനിൽകുമാർ, സ്ക്വാഡ് അംഗങ്ങളായ സിഐ പി.കെ. സതീഷ് , ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, എം. സജികുമാർ, അസി. ഇൻസ്പെക്ടർ ടി.ആർ. മുകേഷ്കുമാർ, ഷൗക്കത്തലി പിഒസി സെന്തിൽകുമാർ, സിഇഒമാരായ എ. ജസീം, പി. സുബിൻ, ടി.എസ്. അനിൽകുമാർ, എസ്. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.