ലക്നോ: ഉന്നാവോയിൽ ബിജെപി എംഎൽഎ മാനഭംഗപ്പെടുത്തിയെന്ന് പരാതിപ്പെട്ട പെൺകുട്ടിയുടെ കാർ അപകടം മനപൂർവം സൃഷ്ടിച്ചതാണെന്ന സൂചനയിലേക്ക് ദൃക്സാക്ഷിമൊഴികളും. അപകടം നടന്ന സ്ഥലത്തിനു സമീപം കട നടത്തുന്നവരാണ് സംഭവത്തിലെ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നത്. ഇവരാണ് അപകടത്തിനു ശേഷം ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്. ട്രക്കുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത റോഡിൽ അമിത വേഗതയിൽ തെറ്റായ ദിശയിൽ എത്തിയ ട്രക്ക് അപകടം സൃഷ്ടിച്ചതിലാണ് ദുരൂഹത.
കാറിൽ ഇടിച്ച ട്രക്ക് തെറ്റായ ദിശയിൽ അമിത വേഗതയിലാണ് എത്തിയതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അർജുൻ യാദവ് പറയുന്നു. അപകടത്തിനു ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു. സംഭവസ്ഥലത്തിനടുത്ത് കട നടത്തിവരുന്നയാളാണ് യാദവ്. മറ്റൊരു കടയുടമയും ട്രക്ക് അമിതവേഗതിയിലായിരുന്നെന്ന് പറയുന്നു.
സംഭവ സമയം ശക്തമായ മഴ ഉണ്ടായിരുന്നു. പോർ ദൗലി ക്രോസിംഗ് ഭാഗത്ത് വളവുണ്ട്. ട്രക്ക് തെറ്റായ ദിശയിലാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് കാർ വരുന്നതുകണ്ട് റോഡിന്റെ മറുവശത്തേക്ക് തിരിച്ചു. എന്നാൽ എതിർദിശയിൽവന്ന കാർ ട്രക്കിൽ ഇടിച്ചുകയറി- ക്രോസിംഗിൽ കട നടത്തുന്ന രമേഷ് ചന്ദ്ര യാദവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കാറിനെ 10 മീറ്ററോളം വലിച്ചുനീക്കിയ ശേഷമാണ് ട്രക്ക് നിന്നത്. തങ്ങൾ ഓടിവന്നപ്പോൾ ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു. കാറിനുള്ളിൽ ഉള്ളവരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ട്രക്ക് ഡ്രൈവറേയും ക്ലീനറേയും പിന്തുടരാൻ കഴിഞ്ഞില്ലെന്നും രമേഷ് ചന്ദ്ര യാദവ് കൂട്ടിച്ചേർത്തു. അപകടം നടന്ന വഴി ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്നതല്ലെന്ന് സമീപവാസിയായ ഗയ പ്രസാദ് പറഞ്ഞു. അദ്ദേഹവും സംഭവത്തിനു സാക്ഷിയാണ്. താൻ മുമ്പ് ട്രക്ക് ഡ്രൈവറായിരുന്നു. ഒരിക്കലും ട്രക്കുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വഴിയല്ല ഇത്- അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ദൂരഹത നിലനിൽക്കുന്നതിനാൽ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അജ്ഞാതരായ മറ്റൊരു 20 പേർക്കെതിരെ കൂടി കേസെടുത്തു. ക്രിമനൽ ഗൂഡാലോചന, കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസ് സിബിഐക്ക് വിട്ട് ചൊവ്വാഴ്ച വൈകിട്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. പെണ്‍കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയും ഗു രുതര വീഴ്ചയും ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രതിഷേധവുമുണ്ടായതോടെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായത്. കേസ് സിബിഐക്ക് വിടണ മെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ കേന്ദ്ര സർക്കാരിന് ശിപാർശ നൽകിയിരുന്നു.
വാഹനാപകടം തന്റെ കുടുംബത്തെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉന്നാവോ പെൺകുട്ടിയുടെ അമ്മയും ആരോപിച്ചിരുന്നു. ഞായറാ ഴ്ചയാണ് റായ്ബറേലിയിൽ വച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. അപകടത്തിൽപ്പെട്ട് പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടു.
പെൺകുട്ടിയും അഭിഭാഷകനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. ജയിലിൽക്കഴിയുന്ന അമ്മാവനെ സന്ദർശിക്കാനാണ് പെൺകുട്ടിയും കുടുംബവും റായ്ബറേലിയിലേക്കു പോയത്.