കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ളവരുടെ വാഹന പാര്‍ക്കിംഗ് മേഖലയില്‍ ‘മണിച്ചിത്രതാഴുമായി പോലീസ്. മിഠായിത്തെരുവ് നവീകരണത്തിന് ശേഷം ഗതാഗതം നിരോധിച്ചതോടെ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്ന മേഖലകളിലാണ് ട്രാഫിക് പോലീസ് ‘ചങ്ങലപ്പൂട്ട്’ മായി എത്തിയത്. ഇതോടെ മിഠായിത്തെരുവിലേക്കുള്പ്പെടെ പോവേണ്ടവര്‍ക്ക് വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്.
വൈക്കം മുഹമ്മദ് ബഷീര്‍ റോഡിന്റെ തുടക്കത്തിലും കോംട്രസ്റ്റ് മതിലിനോട് ചേര്‍ന്നും നിര്‍ത്തിയിട്ട വാഹനങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. പിഴയടപ്പിച്ച ശേഷമാണ് ഇവ വിട്ടുകൊടുത്തത്. അതേസമയം വര്‍ഷങ്ങളായി ഈ ഭാഗത്ത് വാഹനം വയ്ക്കാറുണ്ടെന്നും ഇത്തരത്തില്‍ ട്രാഫിക് പോലീസ് നടപടി സ്വീകരിക്കാറില്ലെന്നുമാണ് കച്ചവടക്കാരും മറ്റും പറയുന്നത്. പുതുതായി ചുമതലയേറ്റ ട്രാഫിക് സൗത്ത് അസി.കമ്മീഷണര്‍ പി.ബിജുരാജിന്റെ നിര്‍ദേശപ്രകാരമാണ് പരിഷ്കാരം നടപ്പാക്കിയത്. എന്നാല്‍ ഇതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.
മിഠായിത്തെരുവ് നവീകരണത്തിന് ശേഷം പലരും ഇവിടെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ വഴിയരികിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകാറാണ് പതിവ്. പാര്‍ക്കിംഗിന് അടിയന്തരമായി സ്ഥലം കണ്ടെത്താന്‍ കോര്പറേഷന് തയാറാകണമെന്നാണ് വ്യാപാരികളും ആവശ്യപ്പെടുന്നത്.
മിഠായിത്തെരുവില്‍ ആധുനിക പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കുന്ന നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ്. കെടിഡിസി ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന സത്രം ബില്‍ഡിംഗ് പൊളിച്ചു മാറ്റിയാണ് പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെടിഡിസിയെ ധൃതിയില്‍ ഒഴിപ്പിച്ച നഗരസഭ മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ക്കിംഗ് സംവിധാനമൊരുക്കാന്‍ തയാറാവാത്തതിനെതിരേ ഇതിനകം പ്രതിഷേധം ശക്തമാണ്.
ഓണം ഉള്‍പ്പെടെ ആഘോഷങ്ങള്‍ വരുമ്പോഴാണ് പാര്‍ക്കിംഗ് പ്രശ്നം രൂക്ഷമാവുന്നത്. നിലവില്‍ മിഠായിത്തെരുവിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ സെന്‍ട്രല്‍ ലൈബ്രറി പരിസരത്താണ് ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇവിടെസ്ഥലമില്ലാതായാല് താജ് റോഡിലും പാര്‍ക്ക് ചെയ്യാറുണ്ട്. ഇനി ഇവിടങ്ങളിലൊന്നും പാര്‍ക്കിംഗ് പാടില്ലെന്നാണ് ട്രാഫിക് പോലീസിന്റെ നിര്‍ദേശം.
യുവജന സംഘടനകളടക്കം പോലീസിനെതിരെ ശക്തമായി രംഗത്തുണ്ട്. കർക്കശക്കാരായ പല ഓഫീസർമാരും ട്രാഫിക് ചുമതല വഹിച്ചിരുന്നപ്പോൾ പോലും കോംട്രസ്റ്റ് മതിലിനോടു ചേർന്ന പാർക്കിംഗ് നിരോധിച്ചിരുന്നില്ല. സെൻട്രൽ ലൈബ്രറിയ്ക്കടുത്ത കൂൾ ബാറിനു മുന്നിൽ വാഹനം നിർത്തിയിടുന്നതിന് സൗകര്യമൊരുക്കാൻ പോലീസ് ഇപ്പോൾ ഒത്താശചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരമെന്നും ആരോപണമുണ്ട്.