മഞ്ചേരി: പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മഞ്ചേരി പോക്സോ പ്രത്യേക കോടതി ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മുതുവല്ലൂർ വിളയിൽ കമ്മാന്പറ്റ അബ്ദുൽ സലാം (37) നെയാണ് ജഡ്ജി എ.വി.നാരായണൻ ശിക്ഷിച്ചത്.
2013 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം ബലാൽസംഗം ചെയ്തതിന് ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ. പിഴയടക്കുന്ന പക്ഷം സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നൽകാനും പിഴയടക്കാത്തപക്ഷം രണ്ടു വർഷത്തെ അധിക കഠിന തടവ് അനുഭവിക്കാനും വിധിച്ചു.
കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഏഴു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി.ജമാൽ ഹാജരായി.