ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ രാത്രി കയറിച്ചെന്ന് കത്തികാണിച്ച് ഭീഷണിമുഴക്കിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് കീഴ്പ്പെടുത്തി. തമിഴ്നാട് തേനി സ്വദേശി രഞ്ജിത്ത് കുമാറിനെയാണ് (30) പോലീസ് കീഴ്പ്പെടുത്തിയത്. കീഴ്പ്പെടുത്തുന്നതിനിടയിൽ സീനിയർ സിപിഒ സുമേഷിന്റെ കൈയ്ക്കു പരിക്കേറ്റു.
ഇന്നലെ രാത്രി 12.45നാണ് സംഭവം ഉണ്ടായത്. വിക്സ് ആവശ്യപ്പെട്ട് കാഷ്വാലിറ്റിയിലേക്ക് കയറിചെന്ന യുവാവ് അക്രമാസക്തനാകുകയായിരുന്നു. ആശുപത്രി ജീവനക്കാർ കാഷ്വാലിറ്റിയുടെ വാതിലടച്ച് രക്ഷപ്പെട്ടു. അക്രമാസക്തനായി നിന്ന് ഇയാളുടെ അടുത്തേക്ക് ആരും അടുത്തില്ല.
ആശുപത്രി അധികൃതർ അറിയിച്ചതിനുസരിച്ച് എഎസ്ഐ ബെന്നി, സീനിയർ സിപിഒ സുമേഷ്, സിപിഒ ലിജോ എന്നിവർ ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.