കെ.ടി. വിൻസന്റ്
ചാവക്കാട്: മുനക്കകടവിലെ മറൈൻ എൻജിനിയറിംഗ് കേന്ദ്രങ്ങളിൽ തിരക്കിട്ട പണി നടക്കുകയാണ്. തട്ടലും മുട്ടലും പെയിന്റിംഗുമായി അവസാന മിനുക്കു പണിയിലാണ് എല്ലാവരും. സഹായിക്കാൻ ബോട്ട് തൊഴിലാളികളും.
ഒടുവിൽ കാത്തിരുന്ന ദിവസം എത്തി. ട്രോളിംഗ് നിരോധനം ഇന്ന് തീരും.
നാളെ പുലർച്ചെ മുതൽ മത്സ്യബന്ധനം ആരംഭിക്കും. വറുതിക്ക് അറുതിവരുത്തി ചാകര പ്രതീക്ഷയിലാണ് എല്ലാവരും. കഴിഞ്ഞമാസം ഒന്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. അതിന്റെ തിരക്കിലാണ് മുനക്കകടവ് തീരത്ത്. ബോട്ടുകൾക്ക് സുഖ ചികിത്സ കൂടി നൽകുന്നകാലമാണ് നിരോധനം. തൊഴിലാളികൾക്ക് ദുരിതകാലമാണെങ്കിലും അന്നം തേടാൻ പോകുന്ന യാനങ്ങൾ അവർക്ക് ചങ്കാണ്. അറ്റകുറ്റപ്പണികൾക്ക് കരയ്ക്കു കയറ്റിയ ബോട്ടുകൾക്കൊപ്പം തൊഴിലാളികളും നിൽക്കും.
നൂറുകണക്കിനു ബോട്ടുകൾ പണിക്കായി കരയ്ക്കു കയറുന്ന സമയമാണ്. ഒപ്പം നിന്നില്ലെങ്കിൽ അറ്റുകുറ്റപ്പണികൾ തീരില്ലെന്ന് അവർക്കറിയാം. മറൈൻ എൻജിനീയറിംഗ് തൊഴിലാളികൾക്കൊപ്പം അവരും പണിയെടുക്കും. അതിന്റെ അവസാനത്തെ തട്ടലും മുട്ടലുമാണ് തീരപ്രദേശത്ത് നടക്കുന്നത്.
നാളെമുതൽ യന്ത്രം ഘടിപ്പിച്ച ബോട്ടുകൾക്ക് കടലിൽ പോയ മീൻ പിടിക്കാം. നിരോധനം കഴിയുന്നതോടെ ചാകര പ്രതീക്ഷയിലാണ് തീരം. ജില്ലയിലെ പ്രധാന ഫിഷ്ലാന്റിംഗ് സെന്ററുകളിലൊന്നായ ചാവക്കാട് മുനക്കകടവിലും ചേറ്റുവ കടവിലും ബോട്ടുകൾ തയാറായികഴിഞ്ഞു. വലകളുടെ കേടുപാടുകൾ തീർത്തും കടലമ്മ കനിയും എന്ന കാത്തിരിപ്പിൽ അവസാനത്തെ മണിക്കൂറുകൾ തള്ളിനീക്കുകയാണ് തൊഴിലാളികളും അനുബന്ധന തൊഴിലാളികളും.
അഴിമുഖത്തെ മണൽതിട്ടയുടെ ഭീഷണിയുള്ളതിനാൽ വലിയ ബോട്ടുകളിൽ പലരും നാളെ കൊല്ലം, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലേക്ക് പോകും. അവർ ഇനി ഓണം കഴിഞ്ഞെ തിരിച്ചെത്തുകയുള്ളൂ. പ്രതീക്ഷയിലാണെങ്കിലും കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്.
ഇതിനിടെ മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ് വർധന, ഡീസലിന്റെ വില കൂടുതൽ അടക്കമുള്ള സംഭവത്തിൽ പ്രതിഷേധമുണ്ട്. ഇതിനെതിരെ ഉടമകളും തൊഴിലാളികളും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും ഒരുങ്ങുന്നുണ്ട്.