വിശാഖപട്ടണം: ആന്ധ്രാ പ്രദേശില്‍നിന്നുള്ള ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. മുപ്പത്തിയേഴുകാരനായ റാവു 16 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐപിഎലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകളുടെ താരമായിരുന്നു.
65 മത്സരങ്ങളാണ് ഐപിഎലില്‍ കളിച്ചത്. ഇന്ത്യക്കായി 24.22 ബാറ്റിംഗ് ശരാശരിയില്‍ 218 റണ്‍സ് നേടി. 61 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. കരിയറിലെ ഏക അര്‍ധ സെഞ്ചുറിയും അതുതന്നെയാണ്.
2000ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. പിന്നീട് അഞ്ചു വര്‍ഷത്തിന് ശേഷം 2005 ജൂലൈ 30ന് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറി. 2006ല്‍ മെയ് 23ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്.
ഇപ്പോഴത്തെ സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ. പ്രസാദിന് ശേഷം ആന്ധ്രയില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് റാവു. അതിന് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീനും വി.വി.എസ്. ലക്ഷ്മണും ഇന്ത്യന്‍ ടീമില്‍ തന്റേതായ ഇടം കണ്ടെത്തിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ 121 മത്സരങ്ങളില്‍നിന്ന് 7081 റണ്‍സ് നേടി. ഇതില്‍ 17 സെഞ്ചുറിയും 30 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ആന്ധ്രാപ്രദേശിനെക്കൂടാതെ ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുണ്ട്.