വൈക്കം: കെഎസ്ആർടിസി ബസ് ആരംഭിച്ചതിന്റെ നേട്ടം തങ്ങൾക്കാണെന്ന വാദവുമായി രണ്ടു പാർട്ടികൾ. വൈക്കം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആരംഭിച്ച വൈറ്റില ചെയിൻ സർവീസ് തങ്ങളുടെ സമര നേട്ടമാണെന്ന് സിപിഐ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു.
സിപിഐ ഡിപ്പോയ്ക്കു മുന്നിൽ ഏതാനും ദിവസം സത്യഗ്രഹം നടത്തിയതിനെ തുടർന്നാണ് സർവീസ് ആരംഭിച്ചതെന്നാണ് നേതാക്കൾ പറഞ്ഞത്. എന്നാൽ സിപിഐ പ്രചാരണം തട്ടിപ്പാണെന്നും കോണ്ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടി കളുടെ പ്രക്ഷോഭത്തെ തുടർന്നാണ് ബസ് സർവീസ് ആരംഭിച്ചതെന്നും കോണ്ഗ്രസ് വൈക്കം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി അവകാശപ്പെടുന്നു.
സിപിഐ സത്യഗ്രഹം തുടങ്ങിയത് ജൂലൈ 19നായിരുന്നു. ജൂലൈ 12ന് കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ വൈക്കം – വൈറ്റില ചെയിൻ സർവീസ് തുടങ്ങുന്നതിന് ഉത്തരവിട്ടിരുന്നുവെന്നാണ് കോണ്ഗ്രസ് നേതാക്കൾ പറയുന്നത്.
കോണ്ഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളുടെ സമരവും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയും തുടർന്നാണ് യാത്രാക്ലേശം പരിഹരിക്കാൻ കെ എസ്ആർടിസി അധികൃതർ ചെയിൻ സർവീസ് നടത്താൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. വസ്തുത ഇതായിരിക്കെ എംഎൽഎയെ സംരക്ഷിക്കാൻ തുടങ്ങിയ സമരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിന്റെ ജാള്യത കൊണ്ടാണ് സിപിഐ കള്ള പ്രചരണം നടത്തുന്നതെന്ന് കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, വി.വി. സത്യൻ, വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാർ, പി.എൻ. കിഷോർ കുമാർ, പി.വി. ജയന്തൻ, എസ്. മനോജ് കുമാർ, ശ്രീരാജ് ഇരുന്പേപ്പള്ളിൽ, ഷാജി മുഹമ്മദ്, ടി.അനിൽകുമാർ, ജോർജ് വർഗീസ്, ടി. അനിൽകുമാർ പ്രസംഗിച്ചു.