ചില കാഴ്ചകളും കേള്വികളും അങ്ങനെയാണ്. യാഥാര്‍ഥ്യമാണെങ്കിലും നമ്മുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. ഈ സംഭവത്തെയും അവിശ്വസനീയം എന്നേ വിശേഷിപ്പിക്കാനാകൂ. ട്രെയിനിലെ ഈ പാട്ടുകേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. അതും ലതാമങ്കേഷ്കറുടെ ക്ലാസിക് ഹിറ്റുകളിലൊന്നായ ‘ഏക് പ്യാര് കാ നഗ്മാ ഹേ’ എന്ന ഗാനം അതിമനോഹരമായ ശബ്ദത്തില്‍ മുഴങ്ങുകയാണ്.
പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനില്‍ നിന്നാണ് ആത്മാവുലയ്ക്കുന്ന ഈ സംഗീതം ഉയരുന്നത്. പശ്ചാത്തലത്തില്‍ ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. ട്രെയിനില്‍ പാട്ടുപാടി ഉപജീവനം കഴിക്കുന്ന ഏതോ ഗായികയാണ് ഈ സ്വരമാധുര്യത്തിന്റെ ഉടമ. പക്ഷേ, ആ ശബ്ദം ഒറ്റക്കേള്‍വിയില്‍ ലതാമങ്കേഷ്കര്‍ തന്നെയാണോ പാടുന്നതെന്നു സംശയിച്ചു പോകുംവിധത്തിലുള്ളതാണ്. അത്രയും മനോഹരമാണത്.
ദൈവികം, അദ്ഭുതം, ഈ ഗാനം വരുന്നത് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്നാണ്. പക്ഷേ, ഇവര്‍ക്ക് നല്ലൊരു പ്ലാറ്റ്ഫോം ഒരുക്കാന്‍ നമ്മള് തയ്യാറാകണം. ആത്മാവിനെ തൊടുന്ന ഇവരുടെ ശബ്ദം കണ്ണുനനയിച്ചു എന്നിങ്ങനെയാണ് ആസ്വാദകരുടെ കമന്റുകള്‍. 1.7 മില്യണ്‍ ആളുകളാണ് നിമിഷങ്ങള്‍ക്കകം വിഡിയോ സമൂഹമാധ്യമങ്ങളില്‍ കണ്ടത്. നിരവിധി പേര് പങ്കുവെക്കുകയും ചെയ്തു. 1972ല്‍ മനോജ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഷോര്‍ എന്ന ചിത്രത്തിലേതാണ് ഈ അനശ്വര ഗാനം. ഇതിഹാസ സംഗീതസംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാലാണു സംഗീതം.